ദില്ലി: മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാർക്ക് സാമ്പത്തിക സംവരണം നടപ്പാക്കിയതിലൂടെ അംബേദ്കറിന്‍റെ സ്വപ്നമാണ് ബിജെപി സർക്കാർ നടപ്പാക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദില്ലിയിൽ നടക്കുന്ന ബിജെപി ദേശീയ കൗൺസിൽ യോഗത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സാമ്പത്തിക സംവരണത്തെപ്പറ്റി ചിലർ വ്യാജ പ്രചരണം നടത്തുകയാണ്. എന്നാൽ നിലവിലെ സംവരണ അവകാശം അട്ടിമറിക്കാതെ ആണ് സാമ്പത്തിക സംവരണം സാധ്യമാക്കിയത്. മുന്നോക്കക്കാരിലെ പിന്നോക്കക്കാരുടെ ഉന്നമനം ആണ് സർക്കാരിന്‍റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.

തന്‍റെ സർക്കാരിന്‍റെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു ബിജെപി ദേശീയ കൗൺസിലിൽ നരേന്ദ്രമോദിയുടെ പ്രസംഗം. നാലുവർഷം കൊണ്ട് സകല മേഖലകളിലും രാജ്യത്തെ മുന്നിലെത്തിക്കാനായി എന്ന് അദ്ദേഹം അവകാശപ്പെട്ടു. വികസനം മാത്രമാണ് സർക്കാരിന്‍റെ തന്‍റെ ലക്ഷ്യം. ജനങ്ങളുടെ വിശ്വാസവുമാണ് ബിജെപി സർക്കാരിന്‍റെ ശക്തിയെന്നും രാജ്യത്ത് മാറ്റം ഉണ്ടാക്കാൻ ആവുമെന്ന് ബിജെപിക്ക് തെളിയിക്കാനായെന്നും പ്രധാനമന്ത്രി പറഞ്ഞു. പതിവുപോലെ വല്ലഭായി പട്ടേലിനെ ഉയർത്തിക്കാട്ടി ജവർഹർലാൽ നെഹ്രുവിനെവിമർശിക്കാനും നരേന്ദ്രമോദി മറന്നില്ല. വല്ലഭായി പട്ടേൽ ആയിരുന്നു ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി എങ്കിൽ ഇന്ത്യയുടെ രൂപവും ഭാവവും മാറിയേനെ എന്നായിരുന്നു പ്രസ്താവന. 

ബിജെപി സർക്കാരിനെതിരായ വിമർശനങ്ങളിൽ ചിലതിന് അദ്ദേഹം പ്രവർത്തകർക്ക് മുമ്പിൽ മറുപടിയും പറഞ്ഞു. 'ബേഠി ബചാവോ' എന്ന ആശയത്തെ പോലും ചിലർ പരിഹസിക്കുകയാണ്. ചിലർ കർഷകരെ രാഷ്ട്രീയ നേട്ടത്തിന് ആയുധം ആക്കുകയാണ്. കർഷകർക്ക് കൃഷി ചിലവിന്‍റെ ഒന്നര മടങ്ങു താങ്ങുവില ഉറപ്പാക്കുമെന്നും പ്രസംഗത്തിനിടെ പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

വികസന പദ്ധതികൾക്ക് താൻ തന്‍റെ പേര് നൽകിയില്ല. തനിക്ക് തന്നേക്കാൾ വലുതാണ് രാജ്യം, എന്നിങ്ങനെ പ്രവർത്തകരിൽ ദേശീയ വികാരം ഉണർത്താൻ ശ്രമിക്കുന്ന പതിവ് ശൈലിയിലായിരുന്നു മോദിയുടെ പ്രസംഗം. പ്രവർത്തകരോട് ചോദ്യങ്ങൾ ചോദിച്ചും മറുപടി പറയിച്ചും പ്രവർത്തകരെ പ്രചോദിപ്പിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിൽ കോൺഗ്രസിനെ നരേന്ദ്രമോദി കടന്നാക്രമിച്ചു. പാർലമെന്‍റിൽ വെറും രണ്ടു സീറ്റ്‌ മാത്രമുണ്ടായിരുന്ന ബിജെപി ഇന്നു വളർന്നു പന്തലിച്ചു. ദേശീയ കൗൺസിൽ യോഗത്തിന്‍റെ സന്ദേശം ഓരോ വീടുകളിലും എത്തണമെന്ന് പ്രധാനമന്ത്രി പാർട്ടി പ്രവർത്തകരോട് ആഹ്വാനം ചെയ്തു.