വൻ തിരിച്ചടി നേരിട്ട് ബിജെപി മോദി പ്രഭാവം മങ്ങുന്നു ഹിന്ദു ധ്രുവീകരണ നീക്കം പൊളിയുന്നു

ദില്ലി: ഉത്തർപ്രദേശ് തൂത്തുവാരി വീണ്ടും അധികാരത്തിലെത്താം എന്ന ബിജെപി പ്രതീക്ഷയ്ക്ക് മങ്ങലേല്‍പ്പിക്കുന്ന വിജയമാണ് വിശാലപ്രതിപക്ഷ സഖ്യം കയ്റാനയിൽ നേടിയത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഒപ്പം നിന്ന പല സമുദായങ്ങളും ബിജെപിയെ കൈവിട്ടു എന്ന സൂചന ഫലം നല്‍കുന്നുണ്ട്. ലോക്സഭയിലേക്ക് കടുത്ത പോരാട്ടം ഇനി പ്രതീക്ഷിക്കാമെന്നാണ് സൂചന.

നിയമസഭാ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ അഞ്ചാം വർഷത്തിലേക്ക് കടന്ന ബിജെപി സർക്കാരിന് സൃഷ്ടിക്കുന്ന പ്രതിസന്ധി ചെറുതല്ല. നാലിൽ മൂന്ന് ഭൂരിപക്ഷത്തോടെ ഉത്തർപ്രദേശിൽ അധികാരത്തിൽ എത്തിയ ബിജെപിക്ക് ഒരു വർഷത്തിനു ശേഷം കാലിടറുകയാണ്. ത്രിപുരയിലെ വിജയം നല്കിയ ആത്മവിശ്വാസം ബിജെപി ക്യാംപിൽ നിന്ന് ചോരുന്നുണ്ട്. പിന്നീട് ഗോരഖ്പൂരിലും ഫൂൽപൂരിലും ബിജെപി തോറ്റു. കർണ്ണാടകത്തിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും അധികാരത്തിൽ നിന്ന് എട്ടു സീറ്റ് അകലെ അവസാനിച്ചു പോരാട്ടം. കയ്റാന ബിജെപിയുടെ ധ്രുവീകരണ തന്ത്രങ്ങളുടെ പരീക്ഷണശാലയായിരുന്നു. 

മുപ്പത്തിയഞ്ച് ശതമാനം മുസ്ലിം വോട്ടർമാരുള്ള ഇവിടെ ഹിന്ദു വോട്ടർമാരെ ഒന്നിച്ചു കൊണ്ടു വന്നാണ് ബിജെപിയുടെ ഹുക്കും സിംഗ് കഴിഞ്ഞ തവണ വിജയിച്ചത്. മുസഫർനഗർ കലാപത്തിനു ശേഷം പശ്ചിമ യുപിയിൽ കണ്ട ഹിന്ദു ധ്രുവീകരണം അവസാനിക്കുകയാണ്. ജാട്ട്, ദളിത് വിഭാഗങ്ങൾ ബിജെപിയിൽ നിന്ന് അകന്നാൽ യുപിയിലെ 71 സീറ്റ് അടുത്ത ലോക്സഭാ മത്സരത്തിൽ മൂന്നിലൊന്നായി ചുരുങ്ങും. 

ഇന്ധനവില ഉൾപ്പടെയുള്ള വിഷയങ്ങളിൽ സർക്കാരിനെതിരെയുള്ള അപ്രീതി ഉപതെരഞ്ഞെടുപ്പ് ഫലങ്ങളിലാകെ പ്രതിഫലിക്കുന്നുണ്ട്. യോഗി ആദിത്യനാഥിന് ഇത് അപകട സൂചന നല്കുന്നുമുണ്ട് ഉപതിരഞ്ഞെടുപ്പ് ഫലം. ഉപതെരഞ്ഞെടുപ്പിന് തലേദിവസം പ്രധാനമന്ത്രി കയ്റാനയ്ക്കടുത്ത് ബാഗ്പത്തിൽ റാലി നടത്തി ഫലം സ്വാധീനിക്കാൻ ശ്രമിച്ചിരുന്നു. അതും വിജയിച്ചില്ല എന്നത് മോദി പ്രഭാവം ഉത്തർപ്രദേശിൽ മങ്ങുന്നതിന് വ്യക്തമായ തെളിവാണ്. കയ്റാനയിൽ മാത്രമല്ല ബിജെപിയുടെ ശക്തികേന്ദ്രമായ നൂർപുർ നിയമസഭാ സീറ്റിലും പാർട്ടി തോറ്റു. 

യുപിയിലെ തന്ത്രങ്ങൾക്ക് നേതൃത്വം നല്കുന്ന അമിത്ഷായ്ക്കെതിരെ സംസ്ഥാനത്തു തന്നെ വിമർശനം ഉയരാനും സാധ്യതയുണ്ട്. ബീഹാറിലെ ഉപതെരഞ്ഞെടുപ്പ് പരാജയം ബിജെപിക്കെതിരെ അതൃപ്തി പ്രകടിപ്പിച്ചു തുടങ്ങിയ നിതീഷ്കുമാറിനെ ബിജെപി സഖ്യം തുടരേണ്ടതുണ്ടോ എന്ന് ആലോചിക്കാനുള്ള അവസരം നല്കുന്നുമുണ്ട്. 

കർണ്ണാടകത്തിൽ ഒരു സീറ്റു കൂടി കോൺഗ്രസ് വിജയിച്ചത് അവിടുത്തെ സർക്കാരിന് സ്ഥിരത നല്കും. മഹാരാഷ്ട്രയിൽ ശിവസേനയ്ക്കു മേൽ നേടിയ വിജയം മാത്രമാണ് ബിജെപിക്ക് ആശ്വാസം നല്കുന്നത്. എല്ലാവരും ഒന്നിച്ചു നിന്നാൽ ബിജെപിയെ പരാജയപ്പെടുത്താം എന്ന വിലയിരുത്തലിന് ഉത്തർപ്രദേശിൽ വിശാലസഖ്യവും മഹാരാഷ്ട്രയിലെ ഭണ്ഡാര ഗോണ്ടിയയിൽ കോൺഗ്രസ് എൻസിപി സഖ്യവും നേടിയ വിജയങ്ങൾ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.