തൃശൂര്‍: തൃശൂര്‍ ജില്ലയിൽ ഇന്ന് ബിജെപി ഹര്‍ത്താൽ. കൈപ്പമംഗലത്ത് ബിജെപി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് ആഹ്ളാദ പ്രകടനവുമായി ബന്ധപ്പെട്ടുണ്ടായ സിപിഎം- ബിജെപി സംഘര്‍ഷത്തിലാണ് എടവിലങ്ങ് സ്വദേശി പ്രമോദ് കൊല്ലപ്പെട്ടത്

കൈപ്പമംഗലം എടവിലങ്ങിൽ സിപിഎം ബിജെപി സംഘര്‍ഷത്തിനിടെ പരിക്കേറ്റ ചികിത്സയിലായിരുന്ന ബിജെപി പ്രലര്‍ത്തകൻ പ്രമോദാണ് മരിച്ചത്.തലയ്ക്ക് മാരകമായി പരിക്കേറ്റ പ്രമോദ് തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് ഇടതുമുന്നണിയുടെ ആഹ്ളാദ പ്രകടനം നടക്കുന്നതിനിടെ വഴിയരികില്‍ നില്‍ക്കുകയായിരുന്ന പ്രമോദിനെ സിപിഎം പ്രവര്‍ത്തകര്‍ ഇഷ്ടിക കൊണ്ട് അടിക്കുകയായിരുന്നെന്നാണ് ബിജെപിയുടെ ആരോപണം

മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മാര്‍ട്ടം നടത്തിയശേഷം നാളെ എടവിലങ്ങിലെ വീട്ടുവളപ്പില്‍ സംസ്കരിക്കും. സംഘര്‍ഷത്തില്‍ നാല് ബിജെപി പ്രവര്‍ത്തകര്‍ക്കും രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിരുന്നു. പ്രമോദിന്‍റെ മരണത്തില്‍ പ്രതിഷേധിച്ച് ഇന്ന് ബിജെപി ജില്ലാ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചതായി റൂറല് പൊലീസ് മേധാവി അറിയിച്ചു.