നവവരനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവം കോട്ടയത്ത്  ഹര്‍ത്താല്‍

കോട്ടയം: നവവരനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് കോട്ടയത്ത് ഇന്ന് ബിജെപിയും, യുഡിഎഫും ഹര്‍ത്താല്‍ നടത്തും. പ്രണയിച്ച് വിവാഹം കഴിച്ചതിൻറെ പേരിൽ കോട്ടയം മാന്ന‌ാനത്ത് നിന്ന് ഇന്നലെ തട്ടിക്കൊണ്ട് പോ‌യ കെവിനെ തിങ്കളാഴ്ച രാവിലെയാണ് മരിച്ച നിലയിൽ കണ്ടെത്തി. തെൻമലയ്ക്ക് സമീപം ചാലിയക്കര തോട്ടിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. കെവിൻറെ കണ്ണുകൾക്ക് സ‌ാരമായ മുറിവേറ്റിട്ടുണ്ട്. കണ്ണുകൾ ചൂഴ്ന്നെടുത്തോയെന്ന് സംശയമുണ്ട്. കഴുത്തിലും പരിക്കുണ്ട്. മൃതദേഹം റേഡിൽ നിന്ന് വലിച്ചിഴച്ചാണ് തേ‌ാട്ടിൽ കൊണ്ടിട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംഭവത്തില്‍, കെവിൻറെ ഭാര്യ സഹോദരനടക്കം 12 പേരെ പൊലീസ് തെരയുകയാണ്. പെൺകുട്ടിയുടെ സഹോരനുൾപ്പെട്ട സംഘം രണ്ട് വാഹനങ്ങളിലായി തമിഴ്നാട് ഭാഗത്തേക്കാണ് കടന്നത്. ഇവർ തെങ്കാശിയിലെത്തിയതായി പൊലീസിന് വിവരമുണ്ട്. തട്ടിക്കൊണ്ട് പോക‌ാൻ ഉപയോഗിച്ച ഒരു വാഹനം ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഡിവൈഎഫ്ഐ തെൻമല യൂണിറ്റ് സെക്രട്ടി നിയ‌‌‌ാസാണ് വാഹനം തൻറെ പക്കൽ നിന്നും വാങ്ങിക്കൊണ്ട് പോയതെന്ന് ഉടമ ഇബ്രാഹിംകുട്ടി പൊലീസിന് മൊഴി നൽകി.

അതേസമയം, ഇന്ന് രാവിലെ പൊലിസ് കസ്റ്റഡിയിലെടുത്ത പെൺകുട്ടിയുടെ സഹോദരൻറെ സുഹൃത്ത് നിശാലും ഡിവൈഎഫ്ഐ പ്രവർത്തകന‌‌ാണ്. ഇടമൺ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നവരാണ് സംഘത്തിലെ എല്ലാവരുമെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇനി പിടിയിലാകാൻ ഉള്ളവർ രണ്ട് സംഘങ്ങളായി രക്ഷപ്പെട്ടെന്നാണ് നിഗമനം. ഇവരെ പിടികൂടാൻ തമിഴ്നാട് പൊലീസിന്റെ സഹായവും തേടിയിട്ടുണ്ട്. കെവിന്‍റെ മരണ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഭാര്യ നീനുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.