എംഎൽഎമാരും എംപിമാരും കൂടി മൊത്തം 58 ജനപ്രതിനിധികൾ വിദ്വേഷപ്രസം​ഗം നടത്തിയതിന് നിയമനടപടി നേരിടുന്നുണ്ട്.

ദില്ലി: പൊതുപരിപാടികളിൽ പങ്കെടുത്ത് വിദ്വേഷപ്രസം​ഗം നടത്തിയതിന് ഏറ്റവും കൂടുതൽ കേസുള്ളത് ബിജെപി നേതാക്കളുടെ പേരിൽ. പാർട്ടിയിലെ 27 ജനപ്രതിനിധികളുടെ പേരിലാണ് വിദ്വേഷപ്രസം​ഗത്തിന് കേസുളളതെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ്, നാഷണൽ ഇലക്ഷൻ വാച്ച് എന്നീ സം​ഘടനകൾ ചേർന്നു നടത്തിയ പഠനത്തിൽ പറയുന്നു. എഐഎംഐഎം, തെലങ്കാന രാഷ്ട്രസമിതി എന്നീ പാർട്ടികളുടെ ജനപ്രതിനിധികളാണ് ബിജെപി കഴിഞ്ഞാൽ കൂടുതൽ വിദ്വേഷപ്രസം​ഗം നടത്തിയിട്ടുള്ളത്. ഇരുപാർട്ടികളിലേയും ജനപ്രതിനിധികളുടെ പേരിൽ ആറ് വീതം കേസാണുള്ളത്. 

എംഎൽഎമാരും എംപിമാരും കൂടി മൊത്തം 58 ജനപ്രതിനിധികൾ വിദ്വേഷപ്രസം​ഗം നടത്തിയതിന് നിയമനടപടി നേരിടുന്നുണ്ട്. വിദ്വേഷ പ്രസം​ഗത്തിന് കേസുള്ള പതിനഞ്ച് എംപിമാരാണുള്ളത്. ഇതിൽ പത്തും ബിജെപിക്കാരാണ്. എ.ഐ.യു.ഡി.എഫ്, ടി.ആർ.എസ്, പി.എം.കെ, എ.ഐ.എം.ഐ.എം, എസ്.എച്ച്.എസ് എന്നീ പാർട്ടികളിലെ എംപിമാരുടെ പേരിൽ ഓരോ കേസുകൾ വീതമുണ്ട്. 

എംഎൽഎമാരുടെ കണക്കെടുത്താലും ബിജെപി തന്നെയാണ് മുൻപിൽ.രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 17 ബിജെപി എംപിമാർ വിദ്വേഷപ്രസം​ഗത്തിന് നിയമനടപടി നേരിടുന്നു. ടിആർഎസ്, എ.ഐ.എം.ഐ.എം എന്നീ പാർട്ടികളിലെ എംഎൽഎമാരുടെ പേരിൽ അഞ്ച് വീതം കേസുകളുണ്ട്. ടിഡിപി എംഎൽഎമാരുടെ പേരിൽ മൂന്ന് കേസും, കോൺ​ഗ്രസ്, തൃണമൂൽ കോൺ​ഗ്രസ്, ജെഡിയു, എസ്ച്എസ് എന്നീ പാർട്ടി എംഎൽഎമാരുടെ പേരിൽ രണ്ട് വീതം കേസുകളുമുണ്ട്. ഡിഎംകെ, ബിഎസ്പി, എസ്പി എന്നീ പാർട്ടികളുടെ ഒാരോ എംഎൽഎമാരും രണ്ട് സ്വതന്ത്യ എംഎൽഎമാരും വിദ്വേഷപ്രസം​ഗത്തിന് കേസിൽപ്പെട്ടിട്ടുണ്ട്. 

സംസ്ഥാന അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത് തെലങ്കാനയിലാണ്. ബീഹാർ,ഉത്തർപ്രദേശ് എന്നിവയും വിദ്വേഷ പ്രസം​ഗം നടത്തുന്ന ജനപ്രതിനിധികളുടെ കേന്ദ്രമാണ്.