ദില്ലി: അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാനുള്ള അധികാരം ബിജെപിക്കില്ലെന്ന് മുതിർന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഉമാഭാരതി. ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയുടെ അയോധ്യാ സന്ദർശനത്തെ അഭിനന്ദിക്കുന്നു. എന്നാൽ ശ്രീരാമൻ എല്ലാവരുടേതുമാണെന്നും ഉമാഭാരതി കൂട്ടിച്ചേർത്തു. രാമക്ഷേത്ര നിർമ്മാണം തന്‍റെയും സ്വപ്നമാണെന്നും ഇവര്‍ വ്യക്തമാക്കി.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും ബിജെപി എംഎൽഎ സുരേന്ദ്രസിംഗും അയോധ്യ വിഷയം ശിവസേന തട്ടിയെടുക്കാൻ ശ്രമിക്കുകയാണെന്ന് ആരോപണമുന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സേനയ്ക്ക് പിന്തുണയുമായി ഉമാഭാരതി എത്തിയത്. ബിഎസ്പി, അകാലിദൾ എന്നീ പാർട്ടികളോട് രാമക്ഷേത്ര നിർമ്മാണത്തെ പിന്തുണയ്ക്കണമെന്ന് ഉമാഭാരതി ആവശ്യപ്പെട്ടിരുന്നു. മോദി സർക്കാർ പൊതു തെരഞ്ഞെടുപ്പിന് മുമ്പ് അയോധ്യ വിഷയം ഉയർത്തിക്കാണിക്കുന്നത് ഭരണപരാജയം മറച്ചു വയ്ക്കാനാണ് എന്നായിരുന്നു എസ്പി, ബിഎസ്പി പാർട്ടികളുടെ ആരോപണം.

ശിവസേന നടത്തിയ റാലിയെ ബിജെപി നേതാക്കൾ രൂക്ഷഭാഷയിൽ വിമർശിച്ചിരുന്നു. ഉത്തരേന്ത്യക്കാരെ ഉപദ്രവിക്കുന്നവരും മനുഷ്യത്വമില്ലാത്തവരുമായ ശിവസേനയ്ക്ക് എങ്ങനെയാണ് ശ്രീരാമനെ സേവിക്കാൻ സാധിക്കുന്നത് എന്നായിരുന്നു ബിജെപി എംഎൽഎ സുരേന്ദ്രസിംഗിന്റെ ചോദ്യം. എന്നാൽ രാമക്ഷേത്ര നിർമ്മാണത്തിന്റെ തീയതി ‌ഉടൻ പ്രഖ്യാപിക്കണമെന്നാണ് ഉദ്ധവേ താക്കറെയുടെ ആവശ്യം.