ദില്ലി: പുൽവാമ ഭീകരാക്രമണത്തിനു ശേഷം പ്രധാനമന്ത്രിക്ക് നേരെ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാവിന് രൂക്ഷ വിമര്‍ശനം. മൂന്ന് കിലോ ബീഫ് കണ്ടെത്താന്‍ കഴിയുന്ന പ്രധാനമന്ത്രിക്ക് 350 കിലോ ആര്‍ഡിഎക്സ് കണ്ടെത്താന്‍ കഴിയില്ലെന്നായിരുന്നു ഡൽഹി കോൺഗ്രസ് പ്രസിഡന്റ് ഹാരൂൺ യൂസഫിന്റെ പരാമര്‍ശം. താന്‍  പറഞ്ഞത് നിഷേധിക്കാന്‍ ആര്‍ക്കെങ്കിലും കഴിയുമോയെന്ന് വെല്ലുവിളിച്ച ഹാരൂണ്‍ യൂസഫ് വർഗീയതയുടെ പേരിൽ ആൾക്കൂട്ട അതിക്രമങ്ങൾ അരങ്ങേറുകയാണെന്നും പറഞ്ഞിരുന്നു.

സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് നേരെയുണ്ടായ ഭീകരാക്രമണം നടന്നപ്പോള്‍ സര്‍ക്കാരിനൊപ്പമുണ്ടാകുമെന്ന് ഉറപ്പ് നല്‍കിയ കോണ്‍ഗ്രസിന്റെ ഇരട്ടമുഖമാണ് പ്രസ്താവനയിലൂടെ പുറത്ത് വന്നതെന്നാണ് ബിജെപിയുടെ വിമര്‍ശനം. പുൽവാമ ഭീകരാക്രമണത്തിന് വർഗീയതയുടെ നിറം കൊണ്ടുവരാനാണ് ഹാരൂൺ യൂസഫ് ശ്രമിക്കുന്നതെന്നും ബിജെപി കുറ്റപ്പെടുത്തി. നിരുത്തരവാദിത്തപരമായ വാക്കുകളാണ് ഹാരൂണിന്റേതെന്നാണ്  കേന്ദ്രമന്ത്രി രവി ശങ്കർ പ്രസാദ് പ്രസ്താവനയെ വിലയിരുത്തിയത്. 

പുല്‍വാമ ഭീകരാക്രമണത്തിന്റെ പേരില്‍ പ്രധാനമന്ത്രിയ്ക്കെതിരെ പരാമര്‍ശം നടത്തി ആക്രമണത്തിന് വര്‍ഗീയതയുടെ നിറം നല്‍കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നാണ് വ്യാപകമായി ഉയരുന്ന വിമര്‍ശനം. ഹാരൂണിന്റെ പരാമര്‍ശം വര്‍ഗീയയുടെ പേരില്‍ രാജ്യത്തെ വിഭജിക്കാനുള്ള  ശ്രമമാണെന്നും ബിജെപി നേതാക്കള്‍ വിമര്‍ശിച്ചു. കഴിഞ്ഞ ആഴ്ച നടന്ന ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാരാണ് പുല്‍വാമയില്‍ കൊല്ലപ്പെട്ടത്.