നാല് ആവശ്യങ്ങളാണ് സമരത്തില്‍ ബിജെപി ഉന്നയിക്കുന്നത്. 15 ദിവസം നീണ്ടുനില്‍ക്കുന്ന നിരാഹാര സമരത്തിന് ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ തുടക്കമിടും. രണ്ടാഴ്ച നീണ്ട് നില്‍ക്കുന്ന സമരപരിപാടികളാണ് ബിജെപി മുന്നോട്ട് വയ്ക്കുന്നത്  

ഇടുക്കി: ശബരിമല വിഷയത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സെക്രട്ടേറിയേറ്റിന് മുന്നില്‍ ബിജെപി നടത്താനിരിക്കുന്ന സമരം ഡിസംബര്‍ 3 ന് ആരംഭിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള. 15 ദിവസം നീണ്ടുനില്‍ക്കുന്ന നിരാഹാര സമരത്തിന് ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ തുടക്കമിടും. 

നാല് ആവശ്യങ്ങളാണ് സമരത്തില്‍ ബിജെപി ഉന്നയിക്കുന്നത്. നിരോധനാജ്ഞ നിയന്ത്രണം പിന്‍വലിക്കുക, സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ഭക്തന്മാര്‍ക്കെതിരെയുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുക, ശബരിമലയില്‍ ഭക്തന്മാര്‍ക്ക് ആവശ്യമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുക, സുരേന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെ കള്ളക്കേസെടുത്ത ഉദ്യോഗസ്ഥന്മാരുടെ നിയമവിരുദ്ധ നടപടികള്‍ക്ക് എതിരായി അച്ചടക്കനടപടി സ്വീകരിക്കുക എന്നിവയാണ് ബിജെപി മുന്നോട്ട് വയ്ക്കുന്ന നാല് ആവശ്യങ്ങള്‍. രണ്ടാഴ്ച നീണ്ട് നില്‍ക്കുന്ന സമരപരിപാടികളാണ് ബിജെപി മുന്നോട്ട് വയ്ക്കുന്നത്.

അതേസമയം നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന സിഗ്നേച്ചര്‍ ക്യാമ്പയിന്‍ പാര്‍ട്ടി വിലയിരുത്തിയെന്നും നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്നുണ്ടെന്ന് വ്യക്തമായെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. ഒരുകോടി ഒപ്പുകള്‍ ശേഖരിക്കുകയാണ് ലക്ഷ്യം. അഞ്ചാം തിയ്യതി മുതല്‍ പഞ്ചായത്ത് നിലവാരത്തില്‍ അയ്യപ്പ ഭക്ത സദസ്സുകള്‍ ബിജെപി സംഘടിപ്പിക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. പരിപാടിയില്‍ ഓരോ ഗ്രാമ പ്രദേശങ്ങളിലേയും ഗുരുസ്വാമി മാരെ ആദരിക്കും. ഒപ്പം ബിജെപിയില്‍ ചേരാന്‍ സന്നദ്ധരായി വരുന്നവരെ സ്വീരിക്കാനുള്ള നടപടികളുണ്ടാകുമെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.