Asianet News MalayalamAsianet News Malayalam

'ഇനിയും ശബരിമലയിൽ പോകും, കുടുംബം തക‍ർക്കുന്നത് ബിജെപി': ആരോപണവുമായി കനകദുർഗ

വാശി തീർക്കാനല്ല ശബരിമലയിൽ പോയത്. തോന്നിയാൽ ഇനിയും പോകും. സഹോദരനും മറ്റ് കുടുംബാംഗങ്ങളും തനിക്കെതിരായതിന് പിന്നിൽ ബിജെപി - ആരോപണവുമായി കനകദുർഗ. 

bjp is destroying my life alleges kanakadurga the woman who climbed sabarimala
Author
Angadipuram, First Published Feb 10, 2019, 5:19 PM IST

മലപ്പുറം: ശബരിമല ദർശനത്തിന്‍റെ പേരിൽ തനിയ്ക്കും ബിന്ദുവിനുമെതിരായി അടിസ്ഥാനരഹിതമായ ആരോപണങ്ങളുയരുന്നുവെന്ന് കനകദുർഗ. ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് രണ്ട് പേർക്കുമുള്ളതെന്നും ഇതിന് പിന്നിൽ ബിജെപിയാണെന്നും കനകദുർഗ ആരോപിക്കുന്നു. സഹോദരനും മറ്റ് കുടുംബാംഗങ്ങളും തനിക്കെതിരായതിന് പിന്നിൽ ബിജെപിയുടെ സ്വാധീനമാണെന്ന് വ്യക്തമാകുന്നുവെന്നും കനകദുർഗ ആരോപിക്കുന്നു.

തന്‍റെ ഭർത്താവിനെ സംഘപരിവാർ പ്രവർത്തകരും ബിജെപിയും ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് കനകദുർഗ ആരോപിക്കുന്നു. തന്നെ കുടുംബത്തിൽ നിന്ന് ഒറ്റപ്പെടുത്തുകയും വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്യുകയാണ് ഇവരുടെ ലക്ഷ്യം. കുട്ടികളെ കാണാൻ ഭർതൃവീട്ടുകാർ അനുവദിക്കുന്നില്ല. ഇതിനെതിരെ നിയമപോരാട്ടം തുടരും. സഹോദരൻ ഭരത് ഭൂഷൺ തനിയ്ക്കെതിരായതിന് പിന്നിൽ ബിജെപിയുടെ സാമ്പത്തിക സ്വാധീനമുണ്ട്. ശബരിമല കയറിയെന്നത് ഒരു കുടുംബപ്രശ്നമാക്കുന്നത് ബിജെപിയാണെന്നും കനകദുർഗ ആരോപിക്കുന്നു. 

അതേസമയം താനും കനകദുർഗയുമടക്കം അഞ്ച് സ്ത്രീകൾ ശബരിമലയിൽ പോയെന്ന് ബിന്ദു വ്യക്തമാക്കുന്നു. അതിന് തന്‍റെ കയ്യിൽ വീഡിയോ തെളിവുകളുണ്ട്. ആവശ്യമെങ്കിൽ അത് പുറത്തുവിടുമെന്നും ബിന്ദു പറയുന്നു.

''ഭക്ത എന്നതിന് അളവുകോൽ നിശ്ചയിക്കാൻ ബിജെപിക്ക് എന്താണവകാശം? തനിയ്ക്ക് അയ്യപ്പനോട് ഭക്തിയുണ്ട്. അതിനാലാണ് ക്ഷേത്രദർശനത്തിന് പോയത്. താൻ ഭക്തയല്ലെന്ന് പറയാൻ ബിജെപിക്ക് ഒരു അവകാശവും ആരും നൽകിയിട്ടില്ല. നല്ല ക‍ർമ്മമാണ് ഭക്തിയെന്നാണ് ഞാൻ കരുതുന്നത്. ഇനിയും ശബരിമലയിൽ പോകണമെന്ന് തോന്നിയാൽ പോകും. എല്ലാ സ്ത്രീകൾക്കും ശബരിമല തൊഴാൻ അവകാശമുണ്ട്.'' - കനകദുർഗ വ്യക്തമാക്കി.

യുവതികൾക്കും ക്ഷേത്ര ദർശനത്തിന് അവകാശമുണ്ടെന്ന വ്യക്തിപരമായ നിലപാടിനെ തുടർന്നാണ് മല ചവിട്ടിയത്. ആദ്യത്തെ തവണ പ്രതിഷേധം ഉണ്ടായപ്പോൾ തിരിച്ചിറങ്ങിയത് പേടിച്ചിട്ടല്ല. കലാപം അഴിച്ചുവിടാൻ ഒരുങ്ങി നിൽക്കുന്ന അക്രമകാരികൾക്ക് വളമാകരുതെന്ന് കരുതിയാണ് തിരിച്ചിറങ്ങിയതെന്നും ബിന്ദുവും കനകദുർഗയും വ്യക്തമാക്കി. 

കനകദുർഗ ശബരിമല ദർശനം കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ഭർതൃമാതാവടക്കമുള്ളവർ വീട്ടിൽ കയറ്റാൻ തയ്യാറായിരുന്നില്ല. തുടർന്ന് അവിടെ നിന്ന് ഇറങ്ങേണ്ടി വന്ന കനകദുർഗയും ബിന്ദുവും ഭീഷണി ഭയന്ന് പല അ‍ജ്ഞാതയിടങ്ങളിലും താമസിച്ച ശേഷമാണ് വീട്ടിലേക്ക് മടങ്ങിയത്. രണ്ടാമത് വീട്ടിലെത്തിയപ്പോൾ കനകദുർഗയ്ക്ക് ഭ‍ർതൃമാതാവിൽ നിന്നും സഹോദരനിൽ നിന്നും മർദനമേറ്റെന്ന് ആരോപണമുയർന്നിരുന്നു. കനകദുർഗ തന്നെയാണ് മർദിച്ചതെന്നാരോപിച്ച് ഭർതൃമാതാവും ആശുപത്രിയിൽ ചികിത്സ തേടി.

തുടർന്ന് കോടതിവിധി നേടിയാണ് കനകദുർഗ ഭർതൃവീട്ടിലേക്ക് എത്തിയത്. എന്നാൽ വീട്ടിൽ തുടരാൻ വിസമ്മതിച്ച ഭർതൃമാതാവുൾപ്പടെയുള്ളവർ വേറെ വീട്ടിലേക്ക് മാറുകയും ചെയ്തിരുന്നു. 
 

Follow Us:
Download App:
  • android
  • ios