കന്യാസ്ത്രീകൾക്കായി ആത്മാർത്ഥമായി ഇടപെടുന്നത് ബിജെപിയാണെന്ന് ജോർജ് കുര്യൻ പറഞ്ഞു.
ദില്ലി: നിർബന്ധിത മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി കേന്ദ്രമന്ത്രി ജോർജ് കുര്യൻ. കന്യാസ്ത്രീകൾക്കായി ആത്മാർത്ഥമായി ഇടപെടുന്നത് ബിജെപിയാണെന്ന് ജോർജ് കുര്യൻ പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കാൻ ബിജെപി ശ്രമം തുടരുകയാണ്. ജാമ്യാപേക്ഷ നൽകിയത് നടപടിക്രമങ്ങൾ പൂർത്തിയാക്കാതെയാണ്. അതുകൊണ്ടാണ് തള്ളിയതെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
രാജീവ് ചന്ദ്രശേഖറിന്റെ പ്രതികരണം ഉത്തമബോധ്യത്തിലായിരിക്കും. കോടതിയുടെ പരിഗണനയിൽ ആയതിനാൽ താൻ വിഷയത്തിൽ പ്രതികരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഡിലെ കോൺഗ്രസ് നേതാക്കൾ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നും ജോർജ് കുര്യൻ ചോദിച്ചു. ഛത്തീസ്ഗഡിലെ കോണ്‍ഗ്രസ് എവിടെ, സമരം ചെയ്യാൻ അവരെ കാണുന്നില്ലല്ലോ എന്ന് ചോദിച്ച ജോര്‍ജ് കുര്യൻ കോണ്‍ഗ്രസ് എംപി പ്രതികരിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.
