കൊല്ലം: കൊല്ലത്ത് കച്ചവടക്കാരനെ ഭീഷണിപ്പെടുത്തിയ ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപി കൊല്ലം ജില്ലാ ഭാരവാഹി സുഭാഷിനെയാണ് ചവറ പോലീസ് അറസ്റ്റ് ചെയ്തത്. പിരിവിന് വേണ്ടി കച്ചവടക്കാരനെ ഭീഷണിപ്പെടുത്തിയ സുഭാഷിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

ഭീഷണിപ്പെടുത്തിയതിനും പണം തട്ടിയെടുക്കാന്‍ ശ്രമിച്ചതിനുമാണ് കേസെടുത്തത്. .ഭീഷണിക്കിരയായ കച്ചവടക്കാരന്‍ ചവറ പൊലിസില്‍ പരാതി നല്‍കിയിരുന്നു. നിര്‍ബന്ധിച്ച് പണം ആവശ്യപ്പെട്ടതിനും വധഭീഷണി മുഴക്കിയതിനും ഐപിസി സെക്ഷന്‍ 385 ആം വകുപ്പ് പ്രകാരമാണ് ചവറ പെലീസ് കേസെടുത്തത്.

ഇക്കഴിഞ്ഞ ഇരുപത്തിയെട്ടിനാണ് ചവറയില്‍ കുടിവെള്ളക്കച്ചവടം നടത്തുന്ന മനോജിനെ ബിജെപി നേതാവ് സുഭാഷ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നത്. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തയെത്തുടര്‍ന്ന് സുഭാഷിനെ ബിജെപി പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു.