ഭോപ്പാല്‍: മധ്യപ്രദേശില്‍ ബിജെപി നേതാവായ മനോജ് താക്കറെയെ കൊലപ്പെടുത്തിയത് സ്വന്തം പാര്‍ട്ടിക്കാരന്‍ തന്നെയെന്ന് പൊലീസ്. കൊലപാതകത്തില്‍ ബിജെപി നേതാവായ താരാചന്ദ് റാത്തോഡും മകനും അറസ്റ്റിലായി. ക്വട്ടേഷന്‍ നല്‍കിയാണ് മനോജ് താക്കറെയെ താരാചന്ദ് വധിച്ചതെന്ന് പൊലീസ് പറഞ്ഞു.

ഇന്‍ഡോറില്‍ നിന്ന് 160 കിലോമീറ്റര്‍ അകലെയുള്ള ബല്‍വാഡിയിലാണ് മനോജ് താക്കറെയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രഭാത നടത്തത്തിനായി പോയ മനോജ് താക്കറയെ പിന്നീട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ചോര പറ്റിയ നിലയില്‍ സമീപത്ത് നിന്ന് ഒരു കല്ലും പൊലീസ് കണ്ടെടുത്തിരുന്നു.

ഈ കല്ല് ഉപയോഗിച്ചാണ് കൊലപാതകം നടത്തിയിരിക്കുന്നതെന്നാണ് പൊലീസ് സംശയിച്ചിരുന്നത്. കേസില്‍ ആകെ ഏഴ് പേരാണ് അറസ്റ്റിലായത്. താരാചന്ദ് റാത്തോഡിനെ കൂടാതെ മകനും കോഖ്‍രി വില്ലേജിലെ പഞ്ചായത്ത് സെക്രട്ടറി കൂടിയായ വിജയ് റാത്തോഡും അഞ്ചംഗ സംഘവുമാണ് അറസ്റ്റിലായതെന്ന് ജില്ലാ പൊലീസ് മേധാവി ഡോല്‍ക്കര്‍ ഭൂട്ടിയ പറഞ്ഞു.

ബല്‍വാഡി മണ്ഡലത്തില്‍ ബിജെപി അധ്യക്ഷനായുള്ള മനോജ് താക്കറെയും സ്വീകാര്യത വര്‍ധിക്കുന്നതില്‍ താരാചന്ദിന് വെെരാഗ്യമുണ്ടായിരുന്നു. ഇതോടെ അഞ്ച് ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കി മനോജ് താക്കറെ വധിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ ജനുവരി 20ന് പ്രഭാത നടത്തത്തിനായി ഇറങ്ങിയ മനോജ് താക്കറയെ ടികിയപാനി സ്ക്വയറില്‍ വച്ച് സംഘം കോടാലി കൊണ്ട് ആക്രമിച്ചു. ഇതോടെ വീണ മനോജ് താക്കറെയെ പ്രതികള്‍ തലയ്ക്ക് കല്ല് കൊണ്ട് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

പിന്നീട് കൊലയാളികള്‍ തമ്മില്‍ പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കേസില്‍ വഴിത്തിരിവ് ആയതെന്നും ജോല്‍ക്കര്‍ പറഞ്ഞു. പാര്‍ട്ടിയുടെ സംസ്ഥാന വര്‍ക്കിംഗ് കമ്മിറ്റി അംഗമാണ് താരാചന്ദ് എന്ന് ബിജെപി വക്താവ് സുനില്‍ അഗര്‍വാള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

മനോജ് താക്കറെ കൊല്ലപ്പെട്ടതിന് പിന്നാലെ മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‍രാജ് സിംഗ് ചൗഹാന്‍ അടക്കം കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ രംഗത്ത് വന്നിരുന്നു. ബിജെപി നേതാക്കളുടെ മരണം കോണ്‍ഗ്രസ് ക്രൂരമായ തമാശ പോലെ കാണുകയാണെന്നായിരുന്നു ബിജെപിയുടെ ആരോപണം.

സംസ്ഥാനത്തെ ക്രമസമാധാനം മുഴുവന്‍ ചെറിയ സമയം കൊണ്ട് തന്നെ കോണ്‍ഗ്രസ് തകര്‍ത്തുവെന്ന് മുന്‍ മുഖ്യമന്ത്രി ശിവ്‍രാജ് സിംഗ് ചൗഹാന്‍ ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു. നേരത്തെ, മധ്യപ്രദേശിലെ ആര്‍എസ്എസ് നേതാവായ ഹിമ്മത് പാട്ടിദാറിന്‍റെ കൊലപാകത്തിലെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത് വന്നിരുന്നു.

വന്‍ കടക്കെണിയിലായ ഹിമ്മത് ഇന്‍ഷുറന്‍സ് തുക സ്വന്തമാക്കുന്നതിനായി തന്‍റെ ഫാമില്‍ ജോലി ചെയ്തിരുന്ന മദന്‍ മാളവ്യ എന്നയാളെ കൊലപ്പെടുത്തിയ ശേഷം അത് താനാണെന്ന് വരുത്തി തീര്‍ക്കുകയായിരുന്നുവെന്നായിരുന്നു പൊലീസിന്‍റെ കണ്ടെത്തല്‍.