കോഴിക്കോട്: ബിജെപി ദേശീയ കൗണ്‍സില്‍ നടത്തിപ്പിനായി വ്യാജ രസീത് നല്‍കി പണപ്പിരിവ് നടത്തിയ സംഭവത്തില്‍ ബി.ജെ.പി പ്രാദേശിക നേതാവിനെ നേതാക്കള്‍ മര്‍ദ്ദിച്ചതായി പരാതി. ബിജെപി കുറ്റ്യാടി മണ്ഡലം പ്രസിഡന്റടക്കം പതിനൊന്ന് പേര്‍ക്കെതിരെ പയ്യോളി പൊലീസ് കേസെടുത്തു. വ്യാജ രസീത് ഉണ്ടാക്കി പണം പിരിച്ച സംഭവം പുറത്തുപറഞ്ഞ കോളേജ് അധ്യാപകന്‍ ശശികുമാറിനെയാണ് ബി.ജെ.പി നേതാക്കള്‍ മര്‍ദ്ദിച്ചത്. ബി.ജെ.പിയുടെ വ്യാജ രസീത് കേസ് അടക്കമുള്ള അഴിമതിയില്‍ സി-ബി.ഐ അന്വേഷണം വേണമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് നിസംഗതയെന്നും ഹസന്‍ ആരോപിച്ചു.