റാഞ്ചി: ജാര്‍ഖണ്ഡില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. ബിജെപി പട്ടിക വിഭാഗം സെല്‍ ജില്ലാ സെക്രട്ടറി ഭയ്യാ രാം മുണ്ടയാണ് കൊല്ലപ്പെട്ടത്. ജാര്‍ഖണ്ഡിലെ വസതിയില്‍ വച്ച് 20ഓളം പേരടങ്ങുന്ന സംഘം വെള്ളിയാഴ്ച രാത്രി വെടിവയ്ക്കുകയായിരുന്നു. 

മുണ്ട സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. വെടിവെപ്പില്‍ മുണ്ടയുടെ ഭാര്യയ്ക്കും സഹോദരനും പരിക്കേറ്റു. ഇവര്‍ അടുത്തുള്ള ആശുപത്രിയില്‍ ചികിത്സയിലാണ്. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

ജാര്‍ഖണ്ഡില്‍ ഇത് മൂന്നാമത്തെ ബിജെപി നേതാവാണ് മൂന്ന് മാസത്തിനിടയില്‍ സമാന രീതിയില്‍ കൊല്ലപ്പെടുന്നത്. ഇതില്‍ കഴിഞ്ഞ രണ്ട് കൊലപാതകങ്ങളും നടത്തിയത് നിരോധിത തീവ്ര ഇടത് സംഘടനയായ പീപ്പിള്‍ ലിബറേഷന്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎല്‍എഫ്‌ഐ) ആണ്.