ഉത്തര്‍പ്രദേശിലെ മുഗള്‍സാരായിൽനിന്നുള്ള എംഎല്‍എയായ സാധന സിം​ഗ് പാര്‍ട്ടി റാലിക്കിടെയാണ് മായാവതിയെ അധിക്ഷേപിക്കുന്ന രീതിയില്‍ പ്രസംഗം നടത്തിയത്. മായാവതി സ്ത്രീസമൂഹത്തിന് കളങ്കമുണ്ടാക്കിയെന്നും അവര്‍ അധികാരത്തിന് വേണ്ടി അന്തസ് വില്‍ക്കുകയാണെന്നുമായിരുന്നു സാധന സിം​ഗിന്റെ പരാമര്‍ശം.

ദില്ലി: ബഹുജന്‍ സമാജ് പാര്‍ട്ടി നേതാവ് മായാവതിക്കെതിരെ മോശം പരാമർശം നടത്തിയ ബിജെപി വനിത എംഎല്‍എ സാധന സിം​ഗിനെതിരെ നടപടിയുമായി ദേശീയ വനിതാ കമ്മീഷൻ. വിവാദ പരാമര്‍ശങ്ങള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ സാധന സിം​ഗിനോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ് കമ്മീഷൻ. ഇതുസംബന്ധിച്ച് സാധനയ്ക്ക് കമ്മീഷൻ തിങ്കളാഴ്ച്ച നോട്ടീസ് അയക്കും. 

ഇത്തരം അപമാനകരമായ പ്രസ്താവനകൾ ഒരിക്കലും ഒരു നല്ല നേതാവിന് യോജിക്കുന്നതല്ല. ഇത് തീർച്ചയായും അപലപിക്കേണ്ടുന്ന വിഷയമാണെന്നും വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമ്മ പറഞ്ഞു.

ഉത്തര്‍പ്രദേശിലെ മുഗള്‍സാരായിൽനിന്നുള്ള എംഎല്‍എയായ സാധന സിം​ഗ് പാര്‍ട്ടി റാലിക്കിടെയാണ് മായാവതിയെ അധിക്ഷേപിക്കുന്ന രീതിയില്‍ പ്രസംഗം നടത്തിയത്. മായാവതി സ്ത്രീസമൂഹത്തിന് കളങ്കമുണ്ടാക്കിയെന്നും അവര്‍ അധികാരത്തിന് വേണ്ടി അന്തസ് വില്‍ക്കുകയാണെന്നുമായിരുന്നു സാധന സിം​ഗിന്റെ പരാമര്‍ശം. ഉത്തർപ്രദേശിൽ അഖിലേഷ് യാദവുമായി ബിഎസ്പി സഖ്യമുണ്ടാക്കുന്നത് സംബന്ധിച്ചാണ് സാധന സിം​ഗ് മായാവതിക്കെതിരേ വിവാദ പരാമർശം നടത്തിയത്. 

മായാവതിക്ക് ആത്മാഭിമാനം ഇല്ല. അവർ നേരത്തെ പീഡനത്തിന് ഇരയായിട്ടുണ്ട്. ചരിത്രം നോക്കുകയാണെങ്കിൽ, ദ്രൗപതി പീഡിപ്പിക്കപ്പെട്ടപ്പോള്‍ പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞ എടുത്തിരുന്നു. എന്നാൽ മായാവതി, അവർക്ക് എല്ലാം നഷ്ടപ്പെട്ടിരിക്കുകയാണ്. പക്ഷേ അവർ ഇപ്പോഴും അധികാരത്തിന് വേണ്ടി അന്തസ്സ് വില്‍ക്കുകയാണ്. മായാവതി സ്ത്രീകളുടെ പേര് കളങ്കപ്പെടുത്തി. അധികാരത്തിന് വേണ്ടി അപമാനം സ്വീകരിക്കുകയാണ് അവര്‍ എന്നും സാധനാ സിം​ഗ് പ്രസം​ഗത്തിൽ പറഞ്ഞു.

സംഭവത്തിൽ പ്രതിഷേധവുമായി ബിഎസ്പി പാർട്ടി നേതാക്കളും പ്രവർത്തകരും രം​ഗത്തെത്തി. ബിഎസ്പി-എസ്പി സഖ്യം രൂപീകരിച്ചതോടെ ബിജെപി നിരാശരാണെന്നും തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന ഭയംകാരണം അവര്‍ക്ക് സമനില തെറ്റിയെന്നും ബിഎസ്പി നേതാവ് സതീഷ് ചന്ദ്രമിശ്ര പ്രതികരിച്ചു.