മദ്യപിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം തന്റെ കാറില്‍ സഞ്ചരിക്കുകയായിരുന്നു ഭരത്. ഗാന്ധിനഗര്‍ റെയില്‍വേ സ്റ്റേഷന് സമീപമെത്തിയപ്പോള്‍ നിയന്ത്രണം വിട്ട കാര്‍ പെട്ടെന്ന് ഫ്‌ളൈഓവറിന് താഴെയുള്ള നടപ്പാതയിലേക്ക് ഇടിച്ചുകയറുകയായിരുന്നു
ജയ്പൂര്‍: മദ്യലഹരിയില്‍ കാറോടിച്ച് നടപ്പാതയിലേക്ക് ഇടിച്ചുകയറ്റിയതിനെ തുടര്‍ന്ന് രണ്ട് തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ ബി.ജെ.പിയുടെ പ്രാദേശിക നേതാവിന്റെ മകന്‍ അറസ്റ്റില്‍. ബി.ജെ.പിയുടെ കിസാന്‍ മോര്‍ച്ച നേതാവായ ഭദ്രി നാരായണ്‍ മീണയുടെ മകന്‍ ഭരത് ഭൂഷണ്‍ മീണയാണ് അറസ്റ്റിലായത്.
മദ്യപിച്ച് സുഹൃത്തുക്കള്‍ക്കൊപ്പം തന്റെ എസ് യു വി കാറില്‍ സഞ്ചരിക്കുകയായിരുന്നു ഭരത്. ഗാന്ധിനഗര്‍ റെയില്‍വേ സ്റ്റേഷന് സമീപമെത്തിയപ്പോള്‍ നിയന്ത്രണം വിട്ട കാര്‍ പെട്ടെന്ന് ഫ്‌ളൈഓവറിന് താഴെയുള്ള നടപ്പാതയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. നടപ്പാതയില്‍ കിടന്നുറങ്ങുകയായിരുന്ന തൊഴിലാളികളുടെ മുകളിലൂടെയാണ് കാര്‍ പാഞ്ഞുകയറിയത്.
ഗുരുതരമായി പരിക്കേറ്റ തൊഴിലാളികളെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇവരില്‍ രണ്ട് പേരും മരണത്തിന് കീഴടങ്ങുകയായിരുന്നു. പരിക്കുകളോടെ രണ്ട് പേര്‍ കൂടി ആശുപത്രിയില്‍ ചികിത്സയിലാണ്. തുടര്‍ന്ന് നാട്ടുകാരാണ് ഭരതിനെയും സുഹൃത്തുക്കളെയും പിടിച്ച് പൊലീസിലേല്‍പിച്ചത്. അനിയന്ത്രിതമായി അളവില്‍ ഇയാളുടെ രക്തത്തില്‍ ആല്‍ക്കഹോളിന്റെ അളവ് കണ്ടെത്തിയിട്ടുണ്ടെന്നും നരഹത്യയുടെ പേരില്‍ ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
ഭദ്രി നാരായണ്‍ മീണയുടെ പേരിലാണ് കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അപകടത്തില്‍ പെട്ട കാറില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ പരിപാടിയുടെ പോസ്റ്ററും പതിപ്പിച്ചിട്ടുണ്ട്.
