ദില്ലി: പാക്കിസ്ഥാന്‍ തടവിലുള്ള കുല്‍ഭൂഷണ്‍ ജാദവിന്റെ അമ്മയെയും ഭാര്യയെയും അപമാനിച്ചെന്നാരോപിച്ച് ഇന്ത്യയിലെ പാക്കിസ്ഥാന്‍ സ്ഥാനപതിക്ക് ചെരിപ്പ് അയച്ചുകൊടുത്ത് ബിജെപി നേതാവിന്റെ പ്രതിഷേധം. ഡല്‍ഹി ബിജെപി വക്താവ് തജീന്ദര്‍ പാല്‍ സിങ് ബാഗയാണ് ചെരിപ്പ് അയച്ചുകൊടുത്തത് പ്രതിധേഷിച്ചത്. ഓണ്‍ലൈനിലൂടെ ചെരിപ്പ് ഓര്‍ഡര്‍ ചെയ്ത ഹെക്കമ്മീഷണറുടെ വിലാസത്തിലേക്ക് അയക്കുകയായിരുന്നു. 

ജാദവിന്റെ ബന്ധുക്കളോട് മനുഷ്യത്വമില്ലാതെ പെരുമാറിയതിനാണ് പ്രതിഷേധമെന്ന് തജീന്ദര്‍ പാല്‍ പറയുന്നു. ഇതിനൊപ്പം പാക്കിസ്ഥാന് ചെരിപ്പ് അയച്ചുനല്‍കണമെന്നാവശ്യപ്പെട്ട് തജീന്ദര്‍ ഓണ്‍ലൈന്‍ ക്യാമ്പയിനും ആരംഭിച്ചു. ഇതിനെ തുടര്‍ന്ന് നൂറുകണക്കിനാളുകള്‍ പാക് സ്ഥാനപതിക്ക് ചെരിപ്പ് അയച്ചുനല്‍കുന്നുണ്ടെന്ന് തജീനന്ദര്‍ പറയുന്നു. കഴിഞ്ഞ ദിവസം, കുല്‍ഭൂഷന്റെ ഭാര്യയും അമ്മയും പാക്കിസ്ഥാനിലെത്തി അദ്ദേഹത്തെ സന്ദര്‍ശിച്ചതിന് പിന്നാലെ കുടുംബത്തിന്റെ സംസ്‌കാരത്തെയും വിശ്വാസത്തെയും പാക്കിസ്ഥാന്‍ അപമാനിച്ചുവെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം ആരോപിച്ചിരുന്നു. വസ്ത്രം അഴുപ്പിച്ച് പരിശോധന നടത്തിയതിനൊപ്പം കെട്ടുതാലി വരെ പാക് ഉദ്യോഗസ്ഥര്‍ അഴിച്ചുവാങ്ങിയെന്നും ഭാര്യയുടെ ഷൂസ് അഴിച്ച് വാങ്ങിച്ച പാക് ഉദ്യോഗസ്ഥര്‍ അത് തിരിച്ചുനല്‍കാന്‍ തയ്യാറായില്ലെന്നും കുടുംബം ആരോപിക്കുന്നു. ആ ചെരിപ്പില്‍ എന്തോ ഉണ്ടായിരുന്നുവെന്നാണ് പാക്കിസ്ഥാന്റെ വിശദീകരണം.  

സംഭവത്തില്‍, പരസ്പര ധാരണ പാക്കിസ്ഥാന്‍ ലംഘിച്ചുവെന്ന് സന്ദര്‍ശനത്തിന് ശേഷം ഉയര്‍ന്ന ആരോപണങ്ങളോട് ഇന്ത്യ പ്രതികരിച്ചിരുന്നു. കുടുംബത്തെ കാണാന്‍ ആരോഗ്യപരമായ അന്തരീക്ഷമല്ല പാക്കിസ്ഥാന്‍ ഒരുക്കിയതെന്നും ഇന്ത്യ പറഞ്ഞിരുന്നു. ജാദവിനെ സന്ദര്‍ശിക്കും മുമ്പ് അമ്മയുടെയും ഭാര്യയുടെയും താലി, വളകള്‍, പൊട്ട് എന്നിവ അഴിച്ച് വയ്പ്പിച്ചതായും കുടുംബം വ്യക്തമാക്കിയിരുന്നു. ക്രിസ്മസ് ദിനത്തിലാണ്  അമ്മയും ഭാര്യയും കുല്‍ഭൂഷണെ സന്ദര്‍ശിച്ചത്.

ഇന്ത്യക്ക് വേണ്ടി ബലൂചിസ്ഥാനില്‍ ഭീകരപ്രവര്‍ത്തനങ്ങളും ചാരപ്രവര്‍ത്തിയും നടത്തിയെന്നാരോപിച്ച് കഴിഞ്ഞ ഏപ്രിലിലാണ് പാക് സൈനിക കോടതി ജാദവിനെ വധശിക്ഷയ്ക്ക് വിധിച്ചത്. ഇതേതുടര്‍ന്ന് ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചു. കോടതി വധശിക്ഷ തടഞ്ഞു. ബിസിനസ് ആവശ്യത്തിന് ഇറാനിലെത്തിയ ജാദവിനെ പാകിസ്ഥാന്‍ ബലൂചിസ്ഥാനിലേക്ക് തട്ടിക്കൊണ്ടുവന്നതാണെന്നും പാകിസ്ഥാന്റെ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നുമാണ് അന്താരാഷ്ട്ര കോടതിയില്‍ ഇന്ത്യ സ്വീകരിച്ച നിലപാട്.