അവർ കോൺ​ഗ്രസ് മുക്ത ഭാരതം വേണമെന്നാണ് പറയുന്നത്, പക്ഷേ ബിജെപി നേതാക്കൾ തന്നെ കോൺ​ഗ്രസിൽ ചേരാൻ ആ​ഗ്രഹ​മുണ്ടെന്ന് എന്നോട് പറയുന്നു. കോണ്‍ഗ്രസ് വെറുമൊരു സംഘടനയല്ല, മറിച്ച് രാജ്യത്തിന്റെ പ്രതിനിധാനമാണെന്നും രാഹുൽ പറഞ്ഞു.

ദില്ലി: ഒട്ടേറെ ബിജെപി നേതാക്കൾ പാർട്ടിയിൽ ചേരാൻ ആ​ഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദില്ലിയിൽ വെച്ചു നടന്ന കോൺ​ഗ്രസിന്റെ യുവ ക്രാന്തി യാത്രയിലായിരുന്നു രാഹുലിന്റെ പ്രസ്താവന. അവർ കോൺ​ഗ്രസ് മുക്ത ഭാരതം വേണമെന്നാണ് പറയുന്നത്, പക്ഷേ ബിജെപി നേതാക്കൾ തന്നെ കോൺ​ഗ്രസിൽ ചേരാൻ ആ​ഗ്രഹ​മുണ്ടെന്ന് എന്നോട് പറയുന്നു. കോണ്‍ഗ്രസ് വെറുമൊരു സംഘടനയല്ല, മറിച്ച് രാജ്യത്തിന്റെ പ്രതിനിധാനമാണെന്നും രാഹുൽ പറഞ്ഞു.

തങ്ങളുടെ താൽപര്യങ്ങൾക്ക് വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ കേന്ദ്ര ഏജന്‍ജിസികളില്‍ അനാവശ്യ ഇടപെടലുകള്‍ നടത്തുന്നതെന്നും രാഹുൽ ആരോപിച്ചു. 'റഫാൽ വിഷയത്തെക്കുറിച്ച് അന്വേഷണം നടക്കുമെന്ന് പേടിച്ചാണ് അർധരാത്രി നരേന്ദ്ര മോദി ഇടപെട്ട് സിബിഐ ഡയറക്ടറെ മാറ്റിയത്. അനിൽ അംബാനിക്ക് 30,000 കോടി നല്‍കാനായി മോദി രാജ്യത്തുള്ള യുവ ജനങ്ങളുടെ സാധ്യതകൾ ഇല്ലാതാക്കിയെന്ന് രാജ്യത്തിനറിയാം'- രാഹുൽ പറഞ്ഞു. ആര്‍എസ്എസ് ധരിച്ചിരിക്കുന്നത് അവരാണ് രാജ്യത്തെ അറിവിന്റെ ഉറവിടമെന്നാണ്. പക്ഷേ അവരുടെ ആ ധാരണ തെറ്റാണ് രാജ്യത്തെ ജനങ്ങളാണ് അറിവിന്റെ ഉറവിടങ്ങളെന്നും രാഹുൽ കൂട്ടിച്ചേർത്തു.

കഴിഞ്ഞ അഞ്ചുവർഷമായി രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള തിരക്കിലായിരുന്നു മോദിയെന്നും തമിഴ്‌നാട്ടിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും അവര്‍ കലാപം ഉണ്ടാക്കിയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഈ കാലയളവിനുള്ളിൽ രാജ്യത്ത് തൊഴിൽ മേഖലയിലും കാർഷിക മേഖലയിലും പ്രതിസന്ധി സൃഷ്ടിക്കാൻ മോദിക്ക് സാധിച്ചുവെന്നും രാഹുൽ ആരോപിച്ചു.