മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ബിജെപി നേതാവ്  ഷാഷിൽ നമോഷിയാണ് പത്രസമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞത്

ദില്ലി: കർണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍, സീറ്റ് നിഷേധിക്കപ്പെട്ടതിനു പിന്നാലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ബിജെപി നേതാവ്. അപ്രതീക്ഷിതമായി അവഗണിക്കപ്പെട്ട ബിജെപി നേതാവ് ഷാഷിൽ നമോഷിയാണ് പത്രസമ്മേളനത്തിനിടെ പൊട്ടിക്കരഞ്ഞത്. 

ദീർഘ നാളായി ബിജെപിയിൽ പ്രവർത്തിക്കുന്നയാളാണ് താനെന്നും സ്ഥാനാർഥി പട്ടികയിൽ പേരുണ്ടാകുമെന്ന് വിശ്വസിച്ചിരുന്നതായും നമോഷി പറയുന്നു. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും സീറ്റ് നിഷേധിച്ചതിൽ അതിയായ വേദനയുണ്ടെന്നും നമോഷി കൂട്ടിച്ചേർത്തു. 

തിങ്കളാഴ്ചയാണ് ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തുവന്നത്. ക്രിമിനൽ കേസിലെ പ്രതികളടക്കം 82 പേരടങ്ങുന്ന പട്ടികയാണ് ബിജെപി രണ്ടാംഘട്ടത്തിൽ പുറത്തുവിട്ടത്. ഇതിനു പിന്നാലെയാണ് ഗുൽബർഗയിൽ സീറ്റ് പ്രതീക്ഷിച്ചിരുന്ന ഷാഷില്‍ നമോഷി നിരാശ അറിയിച്ച് രംഗത്തെത്തിയത്. അതേസമയം, വന്‍ പ്രതിഷേധ പ്രകടനങ്ങളിലൂടെയാണ് നമോഷിയുടെ അനുയായികള്‍ ഇതിനോട് പ്രതികരിച്ചത്. മെയ് 12 നാണ് കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പ്.