കാച്ച് ന്യൂസാണ് ബി.ജെ.പിയുടെ ഭൂമി ഇടപാടുകള്‍ പുറത്തുവിട്ടത്. ബീഹാറില്‍ പാര്‍ട്ടിയ്ക്ക് വേണ്ടി ബിജെപി ഭാരവാഹികള്‍ നടത്തിയ പത്തോളം ഭൂമിയിടപാടുകളുടെ രേഖകള്‍ ലഭിച്ചതായി കാച്ച്‌ന്യൂസ് വ്യക്തമാക്കുന്നു. ഇടപാടുകള്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പേരില്‍ ഉള്‍പ്പെടെയാണ് ഭൂമിയിടപാടുകള്‍ നടത്തിയത്.

പാര്‍ട്ടിക്കായി ഭൂമി വാങ്ങിയ സംസ്ഥാനത്തെ മുതിര്‍ന്ന ബി.ജെ.പി നേതാക്കളില്‍ ദിംഗയില്‍ നിന്നുമുള്ള നിയമസഭാ അംഗം സഞ്ചീവ് ചൗരസിയും ഉള്‍പ്പെടുന്നു. ബീഹാറില്‍ മാത്രമല്ല ഇത്തരത്തില്‍ ഭൂമിവാങ്ങിയതെന്ന് ഇദ്ദേഹം തന്നെ വെളിപ്പെടുത്തുന്നുണ്ട്.

നിരവധിയിടങ്ങളില്‍ ഭൂമി വാങ്ങിയിട്ടുണ്ട്. അതിനായുള്ള പണം പാര്‍ട്ടിയില്‍ നിന്നും വരുന്നതാണ്. പാര്‍ട്ടി ഓഫീസും പാര്‍ട്ടിയുമായി ബന്ധപ്പെട്ട് മറ്റ് കെട്ടിടങ്ങള്‍ പണിയാനുമാണ് ഭൂമി വാങ്ങിയത്. നവംബര്‍ ആദ്യവാരമാണ് ഭൂമിയിടപാട് നടത്തിയതെന്നും അദ്ദേഹം വിശദീകരിക്കുന്നു. ഒരു ഏക്കര്‍, അര ഏക്കര്‍ തുടങ്ങി എട്ട് ലക്ഷം മുതല്‍ 1.16 കോടി രൂപ വരെയാണ് ഓരോ ഇടപാടുകള്‍ക്കുമായി പാര്‍ട്ടി ചിലവാക്കിയത്.

അതിനിടെ പണം അസാധുവാക്കിയതിനെ വിമർശിക്കുന്നവർ കള്ളപ്പണം മാറ്റാൻ സമയം കിട്ടാത്തവരാണെന്ന് 
പ്രധാനമന്ത്രി പറഞ്ഞു. മൊബൈൽ ഫോൺ വഴിയുള്ള ഇടപാടുകൾക്കായി സ്മാർട്ട് ഫോൺ ഉപയോഗം കൂട്ടണമെന്നും നരേന്ദ്രമോദി ആവശ്യപ്പെട്ടു. 

ഇന്ന് പാർലമെന്‍റ് ചേർന്നപ്പോൾ പ്രധാനമന്ത്രിയുടെ ഈ പ്രസംഗത്തിനെതിരെ പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങിയതോടെ ഇരുസഭകളും സ്തംഭിച്ചു. പണം അസാധുവാക്കൽ ചൂണ്ടിക്കാട്ടി ലോക്സഭാ ഗ്യാലറിയിൽ നിന്ന് സഭയിലേക്ക് ചാടാൻ ശ്രമിച്ച മധ്യപ്രദേശ് സ്വദേശിയെ പാർലമെന്റ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി പോലീസിന് കൈമാറി.