കോഴിക്കോട്: ഇല്ലാത്ത അപകടത്തിന്‍റ പേരില്‍ യുവാവില്‍ നിന്ന് പണം തട്ടാന്‍ ബിജെപി പ്രാദേശിക നേതാക്കളുടെ ശ്രമം. നഷ്ടപരിഹാരം ആവശ്യപ്പെട്ട് മുദ്രപത്രത്തില്‍ വിരലടയാളം പതിപ്പിച്ച് എഴുപതിനായിരം രൂപ തട്ടിയെടുക്കാനാണ് നേതാക്കള്‍ ശ്രമിച്ചത്. കോഴിക്കോട് പേരാമ്പ്ര സ്വദേശിയുടെ പരാതിയില്‍ നാല് പേര്‍ അറസ്ററിലായെങ്കിലും, പ്രാദേശിക നേതൃത്വത്തിന്‍റെ ഭീഷണി മൂലം പരാതിക്കാരനായ യുവാവിന് വീടിന് പുറത്തിറങ്ങാന്‍ പോലും കഴിയുന്നില്ല. 

പേരാമ്പ്ര കുരുടിമുക്ക് സ്വദേശി ഷംസീറാണ് ബിജെപി പ്രാദേശിക നേതാക്കളുടെ ആക്രമണത്തിനും ഭീഷണിക്കും ഇരയായിരിക്കുന്നത്. ഷംസീര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബിജെപി പഞ്ചായത്ത് സെക്രട്ടറി ശ്യാമിന്‍റെ ഓട്ടോറിക്ഷയില്‍ ഇടിച്ചെന്ന പരാതിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ഓട്ടോറിക്ഷയുടെ മുന്‍ഭാഗം തകര്‍ന്നെന്നായിരുന്നു പേരാമ്പ്ര പോലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇങ്ങനെയൊരപകടം നടന്നില്ലെന്ന് ഷംസീര്‍ പറയുന്നു. 

കള്ളക്കഥ മെനയുകായണെന്ന് ബിജെപി പ്രാദേശിക നേതാക്കളോട് പരാതിപ്പെട്ടപ്പോള്‍ പേരാമ്പ്ര ഗസ്റ്റ് ഹൗസിലെത്താനായി്രുന്നു നിര്‍ദ്ദേശം.പരാതി പിന്‍വലിക്കാന്‍ ഷംസീര്‍ എഴുപതിനായിരം രൂപ നല്‍കുമെന്ന് രേഖപ്പെടുത്തിയ മുദ്രപത്രത്തില്‍ അവിടെ വച്ച് ഒപ്പിടാനാവശ്യപ്പടുകയായിരുന്നു.വിസമ്മതിച്ചപ്പോള്‍ ബിജെപി പഞ്ചായത്ത് സെക്രട്ടറിയും മറ്റ് മൂന്ന് പ്രാദേശിക നേതാക്കളും ചേര്‍ന്ന് മര്‍ദ്ദിച്ചെന്നും ബലംപ്രയോഗിച്ച് മുദ്രപത്രത്തില്‍ വിരലടയാളം പതിപ്പിച്ചെന്നും ഷംസീര്‍ പറയുന്നു. പിന്നാലെ ഷംസീര്‍ പേരാമ്പ്ര പോലീസില്‍ പരാതി നല്‍കി. 

ഇതിനിടെ ബിജെപി നേതാവ് നല്‍കിയ അപകട പരാതി വ്യാജമാണെന്ന് തെളിഞ്ഞതോടെ ഷംസീറിനെ മര്‍ദ്ദിച്ച പഞ്ചായത്ത് സെക്രട്ടറി ഉള്‍പ്പടെ നാല് പേരെ പേരാമ്പ്ര പോലീസ് അറസ്റ്റു ചെയ്തു. നേതാക്കള്‍ അറസ്റ്റിലായതോടെ വീടിന് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണെന്ന് ഷംസീര്‍. ഫോണിലൂടെയും അല്ലാതെയുമുള്ള ഭീഷണി. മര്‍ദ്ദനത്തെ തുടര്‍ന്ന് പരിക്കേറ്റ കൈക്ക് ചികിത്സ തേടാന്‍ പോലും കഴിയുന്നില്ലെന്ന് ഷംസീര്‍ പറയുന്നു. പോലീസ് സംരക്ഷണം ആവശ്യപ്പെടാനാണ് ഇവരുടെ നീക്കം.

പ്രവാസിയായിരുന്ന ഷംസീറിന്‍റെ പണം തട്ടിയെടുക്കുകയായിരുന്നു ബിജെപി നേതാക്കളുടെ ഉദ്ദേശ്യമെന്നും മുന്‍ വൈരാഗ്യമില്ലെന്നുമാണ് പോലീസിന്‍റെ കണ്ടെത്തല്‍. സംഭവം ബിജെപി ജില്ലാനേതൃത്വം നിഷേധിക്കുന്നില്ല. അപകടത്തെ തുടര്‍ന്നുള്ള പരാതി ഒത്തുതീര്‍ക്കാനുള്ള മധ്യസ്ഥ ചര്‍ച്ചയാണ് നടന്നെതെന്നും, പണം തട്ടിയെടുക്കാനുള്ള ശ്രമം പിന്നിലുണ്ടായിരുന്നുവെന്ന് അറിയില്ലെന്നുമാണ് ജില്ലാ പ്രസിഡന്‍റ് ജയചന്ദ്രന്‍ മാസ്റ്ററുടെ പ്രതികരണം.