'നിങ്ങള്‍ ഒരു സലാഹുദ്ദീനെ സൃഷ്ടിച്ചാല്‍ ഞങ്ങള്‍ 10 ഭഗത് സിങ്ങുമാരെ അയക്കും': മെഹബൂബയ്ക്കെതിരെ ബിജെപി

ശ്രീനഗര്‍: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിക്കെതിരെ ബിജെപി പ്രതിഷേധം. പീപ്പിള്‍സ് ഡെമോക്രാറ്റിക്ക് പാര്‍ട്ടിയില്‍ (പിഡിപി) വിള്ളലുണ്ടാക്കാന്‍ ബിജെപി ശ്രമിച്ചാല്‍ ഇനിയും സലാഹുദ്ദീന്‍മാരെ സൃഷ്ടിക്കുമെന്ന മുഫ്തിയുടെ പ്രസ്താവനയ്ക്കെതിരൊയണ് വ്യാപക പ്രതിഷേധം. ഗവര്‍ണര്‍ ഭരണത്തിലുള്ള കശ്മീരില്‍ രാജ്യദ്രോഹ പരാമര്‍ശം നടത്തിയ മെഹബൂബയെ അറസ്റ്റ് ചെയ്യണമമെന്നാവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ മുഫ്തിയുടെ കോലം കത്തിച്ചു. കച്ചി ചൊവാനിയില്‍ നിന്ന് പ്രവര്‍ത്തകര്‍ സിവില്‍ സെക്രട്ടേറിയേറ്റിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു. 

മുഖ്യമന്ത്രി സ്ഥാനത്തിരുന്ന മുഫ്തി ആ സ്ഥാനത്തിന്‍റെ മാന്യത കളയരുതെന്നും നിങ്ങള്‍ ഒരു സലാഹുദ്ദീനെ സൃഷ്ടിച്ചാല്‍ ഞങ്ങള്‍ പത്ത് ഭഗത് സിങ്ങുമാരെ കശ്മീരിലേക്ക് വിടുമെന്നും ബിജെപി മഹിള മോര്‍ച്ച പ്രസിഡന്‍റ് വീണ ഗുപ്ത പറഞ്ഞു. സലാഹുദ്ദീനെ പോലുള്ള ഭീകരവാദികളെ സൃഷ്ടിക്കുമെന്ന് പറഞ്ഞ മുഫ്തിയെ അറസ്റ്റ് ചെയ്യാന്‍ ഗവര്‍ണര്‍ ഉത്തരവിടണമെന്ന് ബിജെപി ജില്ലാ പ്രസി‍ഡന്‍റ് അയൂധ്യ നാഥ് ആവശ്യപ്പെട്ടു. കശ്മീര്‍ തൊണ്ണൂറുകളിലേക്ക് തിരിച്ചു പോകുന്ന സാഹചര്യം ഉണ്ടാകുമെന്നായിരുന്നു മുഫ്തി പറഞ്ഞത്. ചെറു കക്ഷികളെ കൂട്ടുപിടിച്ച് ബിജെപി സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അവര്‍.

ചെറുപാര്‍ട്ടികളുമായി കൂട്ടുകൂടി, സഖ്യത്തില്‍ നിന്ന് പിന്മാറി നേതാക്കളെ കൈക്കലാക്കുന്ന ബിജെപി തന്ത്രം പിഡിപിക്കെതിരെ പ്രയോഗിച്ചാല്‍ പ്രതികരണം ഭീകരമായിരിക്കും. പിഡിപിയെ ഭിന്നിപ്പിക്കാന്‍ ശ്രമിച്ചാല്‍ യാസിന്‍ മാലിക്കിനെയും സയീദ് സലാഹുദ്ദീനെയും പോലുള്ളവര്‍ സൃഷ്ടിക്കപ്പെടും. 1987ലെ അസംബ്ലി തിരഞ്ഞെടുപ്പിനെ കുറിച്ചായിരുന്നു മുഫ്തി പറഞ്ഞത്. യാസിന്‍ മാലിക് ജമ്മു കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് മേധാവിയും സലാഹുദ്ദീന്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരനുമാണ്.