പെണ്‍കുട്ടിയെ അപമാനിച്ച സംഭവത്തില്‍ ഹരിയാന ബി.ജെ.പി അധ്യക്ഷന്റെ മകന് പൊലീസ് ജാമ്യം അനുവദിച്ചതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. നടപടിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് പെണ്‍കുട്ടി തന്നെ രംഗത്തെത്തി. ഭാഗ്യം കൊണ്ട് മാത്രമാണ് ചണ്ഡീഗഢിലെ തെരുവില്‍ പീഡനത്തിന് ഇരയാവാതിരുന്നതെന്ന് മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്റെ മകള്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. വിഷയം ഹരിയാനയില്‍ ബി.ജെ.പിക്കെതിരായ രാഷ്‌ട്രീയ ആയുധമാകുകയാണ് എതിര്‍കക്ഷികള്‍

താനൊരു സാധാരണക്കാരന്റെ മകള്‍ ആവാതിരുന്നത് ഇപ്പോള്‍ ഭാഗ്യമായി കരുതുന്നുവെന്നായിരുന്നു പെണ്‍കുട്ടിയുടെ വാക്കുകള്‍. എന്നെ പോലെയുള്ള ഒരു പെണ്‍കുട്ടിക്ക് നേരിടേണ്ട അവസ്ഥ ഇതാണെങ്കില്‍ ഒരു സാധാരണ പെണ്‍കുട്ടിക്ക് നേരെ ഉണ്ടാവുന്ന അതിക്രമങ്ങള്‍ എന്താകുമെന്ന് ഊഹിക്കാനാവും. ഭാഗ്യം കൊണ്ട് മാത്രമാണ് ചണ്ഡീഗഢിലെ തെരുവില്‍ താന്‍ പീഡനത്തിന് ഇരയാവാതിരുന്നത്. ബി.ജെ.പി നേതാവിന്റെ മകന്‍ ഉള്‍പ്പെട്ട അക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഹരിയാണയില്‍ വയറലാവുകയാണ്. പ്രതിയെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് അണിയറയില്‍ നടക്കുന്നുവെന്നാണ് പെണ്‍കുട്ടിയുടെ ആരോപണം.

ഇന്നലെയാണ് ഹരിയാന ബി.ജെ.പി അധ്യക്ഷന്റെ മകനും സുഹ്യത്തും കാറില്‍ സ‍ഞ്ചരിച്ചിരുന്ന പെണകുട്ടിയെ പിന്തുടര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സംഭവം വിവാദമായത്തോടെ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പ്രതികരണവുമായി രംഗത്ത് എത്തി. ഒറ്റപ്പെട്ട സംഭവത്തിന്റെ പേരില്‍ സുഭാഷ് ബരളെയെ പുറത്താക്കേണ്ട ആവശ്യമില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ പ്രതികരണത്തിനെതിരെ പ്രതിപക്ഷം രംഗത്ത് എത്തി. പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത് രാഷ്‌ട്രീയ സമ്മര്‍ദ്ദം മൂലമാണ് എന്ന് പ്രതിപക്ഷം ആരോപിച്ചു. പെണ്‍കുട്ടിയെ പിന്തുടര്‍ന്നതിനും, മദ്യപിച്ച് വാഹനമോടിച്ചതിനുമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. എന്നാല്‍, പ്രഥമിക മൊഴിയില്‍ പറയാത്തത് കൊണ്ടാണ് തട്ടിക്കൊണ്ടുപോകല്‍ വകുപ്പ് ചേര്‍ക്കാത്തതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ വിഷയം ബി.ജെ.പി സര്‍ക്കാരിന് ഏതിരെ പ്രചരണ ആയുധമാക്കാനാണ് പ്രതിപക്ഷ തീരുമാനം.