കേരളത്തിനു പുറത്ത് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ തിരഞ്ഞു പിടിച്ചാണ് ഇത്തരത്തില്‍ പിഴ ചുമത്തുന്നതെന്ന സംശയവും പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്.
കൊച്ചി: കൊച്ചി നഗരത്തിലെ ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തുന്ന പൊലീസിന്‍റെ നടപടിയില്‍ ഗുരുതരമായ ഒരു പിഴവാരോപിച്ച് യുവാവ്. ഒരു സ്ഥലത്ത് നടന്ന നിയമ ലംഘനത്തിന്‍റെ ചിത്രമുപയോഗിച്ച് മറ്റൊരു സ്ഥലത്തും അതേ വാഹനം നിയമലംഘനം നടത്തിയെന്ന് കാട്ടി പിഴ ചുമത്തിയെന്നാണ് പരാതി. ടാര്‍ജറ്റ് തികയ്ക്കാന്‍ ഉദ്യോഗസ്ഥര്‍ കൃത്രിമമായി പിഴ ചുമത്തിയോ എന്ന സംശയമുന്നയിച്ചാണ് പാലാരിവട്ടം സ്വദേശിയായ യുവാവ് സിറ്റി ട്രാഫിക് എസിപിയ്ക്ക് പരാതി നല്‍കിയിരിക്കുന്നത് .
പാലാരിവട്ടം സ്വദേശി നെറ്റോ തെങ്ങുംപളളി. തമിഴ്നാട് രജിസ്ട്രേഷന്‍ കാറാണ് നെറ്റോ ഉപയോഗിക്കുന്നത്. ഡിസംബര്‍ 31 രാവിലെ 10.02ന് കലൂര്‍ ജങ്ഷനില്‍ വച്ച് നെറ്റോയുടെ കാര്‍ സീബ്രാ ലൈന്‍ ലംഘിച്ചു എന്ന് കാട്ടി ട്രാഫിക് പൊലീസിന്‍റെ ചെലാന്‍ കിട്ടി. ഈ നിയമ ലംഘനം നെറ്റോ അംഗീകരിക്കുന്നുമുണ്ട്.എന്നാല്‍ ഡിസംബര്‍ 31 ന് തന്നെ ഉച്ചയ്ക്ക് 12.51 ന് നെറ്റോയുടെ അതേ കാര്‍ കച്ചേരിപ്പടി ജംഗ്ഷനില്‍ വച്ച് വീണ്ടും സീബ്രാ ലൈന്‍ ലംഘനം നടത്തി എന്നു കാട്ടി മറ്റൊരു ചെലാന്‍ കൂടി നെറ്റോയ്ക്ക് കിട്ടി. ഇവിടെയാണ് പിഴ ചുമത്തലില്‍ ക്രമക്കേട് നടക്കുന്നുണ്ടെന്ന സംശയം നെറ്റോയ്ക്ക് ബലപ്പെടുന്നത്. കാരണം കച്ചേരിപടിയില്‍ വച്ച് ഉച്ചയ്ക്ക് 12.51ന് സീബ്രാ ലൈന്‍ ലംഘിച്ചുവെന്ന് പൊലീസ് പറയുന്ന തന്‍റെ വാഹനം ഈ സമയം ഉണ്ടായിരുന്നത് എറണാകുളം സെന്‍ട്രല്‍ സ്ക്വയര്‍ മാളിലെ പാര്‍ക്കിംഗിലാണെന്ന് നെറ്റോ ചൂണ്ടിക്കാട്ടുന്നു. പാര്‍ക്കിംഗ് ലോട്ടില്‍ വാഹനം പാര്‍ക്ക് ചെയ്തതിന്‍റെ രശീതിയും പാര്‍ക്കിംഗ് ലോട്ടില്‍ നിന്ന് ലൊക്കേഷനും സമയവും രേഖപ്പെടുത്തി എടുത്ത ചിത്രവുമാണ് തെളിവായി നെറ്റോ ചൂണ്ടിക്കാട്ടുന്നത്.
അതായത് കലൂര്‍ ജംഗ്ഷനില്‍ വച്ച് നടന്ന സീബ്രാ ലൈന്‍ നിയമലംഘനത്തിന്‍റെ അതേ ചിത്രം ഉപയോഗിച്ച് അതേ കാര്‍ കച്ചേരിപ്പടി ജംഗ്ഷനിലും നിയമലംഘനം നടത്തി എന്ന് പൊലീസുദ്യോഗസ്ഥര്‍ വരുത്തി തീര്‍ക്കുകയായിരുന്നു എന്നാണ് നെറ്റോ ആരോപിക്കുന്നത്. കേരള രജിസ്ട്രേഷന്‍ വാഹനങ്ങള്‍ ഒഴിവാക്കി തമിഴ്നാട് ,കര്‍ണാടക പോലെ കേരളത്തിനു പുറത്ത് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ തിരഞ്ഞു പിടിച്ചാണ് ഈ തരത്തില്‍ ഒരേ ഫോട്ടോ ഉപയോഗിച്ച് ഒന്നിലേറെ നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തുന്നതെന്ന സംശയവും നെറ്റോ തന്‍റെ പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. തെളിവുകളടക്കം മുന്നില്‍ വച്ചാണ് ട്രാഫിക് എസിപിക്ക് ഇമെയില്‍ മുഖേന പരാതി നല്‍കിയിരിക്കുന്നത് എന്നതിനാല്‍ ഈ പരാതിയില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നെറ്റോയുള്ളത്.


