ബിജെപി എംഎല്‍എക്കെതിരെ അവിഹിത ആരോപണവുമായി ഭാര്യ

ജമ്മു: ബിജെപി എംഎല്‍എയ്ക്കെതിരെ ഗുരുതര ആരോപണവുമായി ഭാര്യ. ജമ്മു കശ്മീരിലെ ആര്‍ എസ് പുര മണ്ഡലത്തിലെ ബിജെപി എംഎല്‍എയായ ഗംഗന്‍ ഭഗതിനെതിരെയാണ് അവിഹിത ആരോപണവുമായി ഭാര്യ മോണിക്ക ശര്‍മ എത്തിയത്. പതിമൂന്ന് വര്‍ഷം മുമ്പ് തന്നെ വിവാഹം ചെയ്ത ഗംഗന്‍ ഭഗതിന് ഇപ്പോള്‍ കോളേജ് വിദ്യാര്‍ത്ഥിനിയുമായി ബന്ധമുണ്ടെന്നാണ് ആരോപണം. വിദ്യാര്‍ത്ഥിനിക്ക് ഒപ്പം താമസം ആരംഭിച്ച ഗംഗന്‍ ഭഗത് പെണ്‍കുട്ടിയെ വിവാഹം ചെയ്തതായി മോണിക്ക ആരോപിക്കുന്നു. 

പെണ്‍കുട്ടിയെ പഞ്ചാബിലെ കോളേജില്‍ നിന്ന് തട്ടിക്കൊണ്ട് വന്നതായി വിമുക്തഭടനായ കുട്ടിയുടെ പിതാവ് ആരോപിക്കുന്നു. എംഎല്‍എ ആരോപണങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. തന്നെ അവഹേളിക്കാനുള്ള ശ്രമമാണെന്നാണ് എം എല്‍എ വിശദീകരിക്കുന്നത്. ഭാര്യയുടെ ഉപജീവനാര്‍ത്ഥം മാസം തോറും ഒരു ലക്ഷം രൂപ നല്‍കുന്നുണ്ടെന്ന എെഎല്‍എയുടെ അവകാശവാദം ഭാര്യ നിഷേധിച്ചു. 

പ്രധാനമന്ത്രിക്കും സംസ്ഥാന ബിജെപി നേതൃത്വത്തിനും പരാതി നല്‍കിയിരിക്കുകയാണ് എംഎല്‍എയുടെ ഭാര്യ. സ്വന്തം കുടുംബത്തിലെ പെണ്‍കുട്ടി നീതി തേടി വന്നിരിക്കുകയാണെന്ന് മോണിക്ക ശര്‍മ പരാതിയില്‍ പറയുന്നു. എന്നാല്‍ ഭാര്യ താനുമായി വേര്‍പിരിഞ്ഞാണ് പത്തുമാസമായി താമസിക്കുന്നതെന്നും വിവാഹമോചന ഹര്‍ജി നിലവില്‍ കൊടുത്തിട്ടില്ലെന്നും എംഎല്‍എ പറയുന്നു. നാലുവയസുകാരിയായ മകള്‍ക്കും പന്ത്രണ്ടുകാരനായ മകനുമൊപ്പമെത്തിയാണ് മോണിക്ക ആരോപണം ഉന്നയിച്ചത്. ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ എംഎല്‍എയെ ബിജെപി അച്ചടക്ക സമിതി വിളിപ്പിച്ചിട്ടുണ്ട്.