ദില്ലി: ബിജെപിയുടെ അടുത്ത ദേശീയ നിര്‍വാഹകസമിതി യോഗം കേരളത്തില്‍ നടത്താന്‍ തീരുമാനമായി. കേരളത്തില്‍ ശക്തി കൂട്ടാനുള്ള നീക്കത്തിന്റെ ഭാഗമായാണിത്. സപ്തംബര്‍ 23 മുതല്‍ കോഴിക്കോട്ട് നിര്‍വ്വാഹകസമിതി ചേരും.

അലഹബാദില്‍ അവസാനിച്ച ദേശീയ നിര്‍വാഹക സമിതി യോഗം, കേരളം ഉള്‍പ്പടെ പാര്‍ട്ടി ഇപ്പോള്‍ നിര്‍ണ്ണായ ശക്തിയല്ലാത്ത ഏഴു സംസ്ഥാനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായി അടുത്ത ദേശീയ നിര്‍വാഹകസമിതി യോഗം കോഴിക്കോട്ട് ചേരാനാണു തീരുമാനം.

സപ്തംബര്‍ 23 മുതല്‍ 25 വരെ കോഴിക്കോട്ട് ചേരുന്ന യോഗം അടുത്ത വര്‍ഷം ആദ്യം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കുള്ള തന്ത്രങ്ങള്‍ക്കു രൂപം നല്കും. ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കണോ എന്നും യോഗത്തിനു ശേഷം തീരുമാനിക്കും. തമിഴ്‌നാട്, കേരളം, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകള്‍ നേടാന്‍ പാര്‍ട്ടിയെ സജ്ജമാക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചയും യോഗത്തിലുണ്ടാകും.

കേരളത്തില്‍ ഒരു എംഎല്‍എയെ കിട്ടുകയും ആറിടത്തു രണ്ടാം സ്ഥാനത്തു വരികയും ചെയ്ത സാഹചര്യത്തില്‍ പാര്‍ട്ടിയുടെ മുന്നേറ്റം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി നീക്കം. പ്രധാനമന്ത്രിയും ബിജെപിയുടെ എല്ലാ മുഖ്യമന്ത്രിമാരും പങ്കെടുക്കുന്ന ദേശീയ നിര്‍വ്വാഹകസമിതി യോഗത്തിനു ശേഷം ബഹുജന റാലി സംഘടിപ്പിക്കാനും ആലോചനയുണ്ട്.