ഭോപ്പാല്‍: ചരക്ക് സേവന നികുതിയുമായി കേന്ദ്ര സര്‍ക്കാര്‍ ശക്തമായി മുന്നോട്ട് പോകുകയാണ്. എന്നാല്‍ ചരക്കുസേവന നികുതി (ജി.എസ്.ടി) എന്താണെന്ന് തനിക്ക് ഇതുവരെ മനസിലായിട്ടില്ലെന്ന് ബി.ജെ.പി മന്ത്രി. തനിക്ക് മാത്രമല്ല വ്യാപാരികള്‍ക്കും ജി.എസ്.ടി എന്താണെന്ന് പിടികിട്ടിയിട്ടില്ലെന്നും മധ്യപ്രദേശ് ഭക്ഷ്യ വകുപ്പ് മന്ത്രി ഒ.എം പ്രകാശ് ധുര്‍വെ പറഞ്ഞു. ഒരു യോഗത്തിലാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍.

ജി.എസ്.ടി എന്താണെന്ന് മനസിലാക്കാന്‍ എനിക്ക് കഴിയുന്നില്ല. അതുകൊണ്ട് അതിനെക്കുറിച്ച് അഭിപ്രായം പറയാന്‍ ആഗ്രഹിക്കുന്നില്ല. മിക്ക ചാര്‍ട്ടേഡ് അക്കൗണ്ടന്‍റുമാര്‍ക്കും വ്യാപാരികള്‍ക്കും അത് മനസിലായിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ജി.എസ്.ടിക്കെതിരെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉയരുമ്പോള്‍ ബി.ജെ.പി മന്ത്രിക്ക് പോലും ചരക്കുസേവന നികുതി എന്താണെന്ന് മനസിലായിട്ടില്ലെന്ന പ്രസ്താവന പാര്‍ട്ടിയെ വെട്ടിലാക്കും. 

നേരത്തെ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ജിഎസ്ടിയെ ഗബ്ബാര്‍ സിംഗ് ടാക്സ് എന്ന് വിളിച്ചിരുന്നു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും വിമര്‍ശനവുമായി രംഗത്ത് എത്തിയിരുന്നു. അതേ സമയം ഇന്ന് ചേര്‍ന്ന ജിഎസ്ടി കൌണ്‍സില്‍ യോഗം ഉയര്‍ന്ന ജിഎസ്ടി സ്ലാബില്‍ നിന്നും 117 ഇനങ്ങളെ ഒഴിവാക്കിയിട്ടുണ്ട്.