ദില്ലി: ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി സബര്‍മതി നദിയില്‍ നടന്ന മോദിയുടെ ജലവിമാനയാത്ര കാണാന്‍ പണം കൊടുത്ത് ആളെ എത്തിച്ചുവെന്ന ആരോപണത്തില്‍ ബിജെപി ജമല്‍പുര്‍-കാദിയ സ്ഥാനാര്‍ഥിയും എംഎല്‍എയുമായ ഭൂഷണ്‍ ഭട്ടിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്.
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളെ മാനിക്കേണ്ടെന്നും ജലയാത്രയ്ക്ക് സാക്ഷ്യം വഹിക്കാന്‍ ആളുകളെ പണം നല്‍കി എത്തിക്കണമെന്നും പറയുന്ന ഭൂഷണ്‍ ഭട്ടിന്‍റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വിവാദമായത്തോടെയാണ് നോട്ടീസ് അയക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടത്. റാലിയില്‍ സ്വന്തം വാഹനവും ഇരുചക്ര വാഹനങ്ങളും എടുക്കണമെന്നും ഇതിന് ചെലവായിട്ടുള്ള പണം തിരികെ നല്‍കുമെന്നും ഭൂഷണ്‍ ഭട്ട് വീഡിയോയില്‍ പറയുന്നുണ്ട്. ബിജെപി പതാകയുമായി കുറഞ്ഞത് 3000-4000 ഇരുചക്ര വാഹനങ്ങള്‍ വരെ എത്തിക്കണമെന്നും ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് 1000 മുതല്‍ 3000 രൂപ വരെ നല്‍കുമെന്നും ഭൂഷണ്‍ ഭട്ട് വീഡിയോയില്‍ പറയുന്നുണ്ട്. ജമാല്‍ കാദിയ നിയോജക മണ്ഡലത്തിലെ റിട്ടേണിംഗ് ഓഫീസറാണ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ബി.ബി സ്വെയിനിന്റെ നിര്‍ദേശ പ്രകാരം നോട്ടീസ് അയച്ചത്.
കഴിഞ്ഞ ദിവസമായിരുന്നു അഹമ്മദാബാദിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി റോഡ് ഷോയ്ക്കുള്ള അനുമതി പൊലീസ് നിഷേധിച്ചപ്പോള്‍ ജലവിമാനത്തില്‍ സഞ്ചരിച്ച് കൊണ്ട് മോദി പ്രചാരണം നയിച്ചത്. ഇതിനായി പ്രത്യേക ബോട്ട് ജെട്ടിയും ഒരുക്കിയിരുന്നു. ഗുജറാത്ത് സബര്‍മതി നിദിയില്‍ നിന്ന് ജലവിമാനത്തില്‍ കയറിയ മോദി മെഹ്‌സാന ജില്ലയിലെ ദാറോയ് ഡാം വരെയായിരുന്നു യാത്ര ചെയ്തിരുന്നത്.
