പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ ജാതി രാഷ്ട്രീയം കളിക്കാറില്ലെന്ന് ബി ജെ പി എം എല്‍ എ  രാജ്‍വീര്‍ സിംഗ് ഡിലര്‍

ജബല്‍പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ ജാതി രാഷ്ട്രീയം കളിക്കാറില്ലെന്ന് ബി ജെ പി എം എല്‍ എ രാജ്‍വീര്‍ സിംഗ് ഡിലര്‍. മധ്യപ്രദേശിലെ ജബല്‍പൂരില്‍ ഗ്യാസ് കണക്ഷൻസ് വിതരണം ചെയ്യുന്നതിനിടെയായിരുന്നു രാജ്‍വീര്‍ സിംഗിന്‍റെ പ്രതികരണം. എന്നാല്‍ വീഡിയോ വൈറലായതോടെ താനങ്ങനെ പറഞ്ഞിട്ടില്ലെന്നും ശത്രുക്കള്‍ ഓഡിയോ ക്ലിപ്പ് കൃത്രിമമായി ഉണ്ടാക്കിയതാണെന്നുമാണ് എം എല്‍ എയുടെ വിശദീകരണം.

തനിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെപ്പോലെ ജാതി രാഷ്ട്രീയമില്ല. ഹിന്ദു മുസ്ലീം വിവേചനമില്ല. ബി ജെ പി അധികാരത്തിലെത്തിയാല്‍ തങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നാണ് മുസ്ലീം സഹോദരങ്ങള്‍ കരുതുന്നത്. എന്നാല്‍ ജാതി മത വ്യത്യാസമില്ലാതെ ബി ജെ പിക്ക് എല്ലാവരും തുല്ല്യരാണെന്നായിരുന്നു രാജ്‍വീര്‍ സിംഗിന്‍റെ പ്രതികരണം. 

എന്നാല്‍ ഇതെല്ലാം നിഷേധിച്ച രാജ്‍വീര്‍ സിംഗ് പ്രധാനമന്ത്രിക്ക് നേരെ താന്‍ അത്തരം വാക്കുകള്‍ ഉപയോഗിക്കില്ലെന്ന് പറഞ്ഞു. തനിക്കെതിരെയുള്ള ഗൂഡാലോചനയാണിത്. തന്നെ കുടുക്കാനായി വീഡിയോ ആരോ എഡിറ്റ് ചെയ്തതായും രാജ്‍വീര്‍ അവകാശപ്പെടുന്നു.