ജയ്പൂരിലെ പുരാതന നഗരങ്ങളില്‍ അവസരം കിട്ടിയാല്‍ സന്ദര്‍ശനം നടത്താനും ഇവിടുത്തെ ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങള്‍ പൂജകള്‍ ലഭിക്കാതെ കരയുകയാണെന്നും പ്രസംഗത്തിനിടെ എംഎല്‍എ പറഞ്ഞു. 

ജയ്‍പൂര്‍: ഹിന്ദുക്കള്‍ ഒന്നിച്ചില്ലെങ്കില്‍ രാജസ്ഥാനിലെ നഗരങ്ങള്‍ പാക്കിസ്ഥാനാകുമെന്ന് മുന്‍ ആഭ്യന്തര മന്ത്രിയും ബിജെപി എംഎല്‍എയുമായ ഗുലാബ് ചന്ദ് കട്ടാരിയ. രാജസ്ഥാനിലെ ഉദയ്പൂര്‍ ജില്ലയില്‍ നടന്ന ഒരു പൊതുപരിപാടിയില്‍ സംസാരിക്കവേയാണ് എംഎല്‍എയുടെ വിവാദ പ്രസ്താവന. ജയ്പൂരിലെ പുരാതന നഗരങ്ങളില്‍ അവസരം കിട്ടിയാല്‍ സന്ദര്‍ശനം നടത്താനും ഇവിടുത്തെ ക്ഷേത്രങ്ങളിലെ വിഗ്രഹങ്ങള്‍ പൂജകള്‍ ലഭിക്കാതെ കരയുകയാണെന്നും പ്രസംഗത്തിനിടെ എംഎല്‍എ പറഞ്ഞു. 

ഇറച്ചിയുടെയും എല്ലുകളുടെയും അവശിഷ്ടങ്ങള്‍ ആള്‍ക്കാര്‍ ക്ഷേത്രത്തിന് സമീപത്തുള്ള പ്രദേശത്തേക്ക് വലിച്ചെറിയുന്നതിനാല്‍ ശരിയായ രീതിയിലുള്ള പൂജകള്‍ നടത്താന്‍ കഴിയുന്നില്ലെന്നും എംഎല്‍എ ആരോപിച്ചു. വരാന്‍ പോകുന്ന അപകടം തിരിച്ചറിയണമെന്നും ഒന്നിക്കണമെന്നും ഗുലാബ് ചന്ദ് കട്ടാരിയ പറഞ്ഞു. എല്ലാവരും രാമന്‍റെ മക്കളാണ്. നമ്മുടെ ജാതിയും മതവും രാമനാണെന്നും മരണസമയത്ത് പറയുന്നത് പോലും രാം രാം എന്നാണെന്നും കട്ടാരിയ പറഞ്ഞു. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ എല്ലാ വിയോജിപ്പുകളും മാറ്റിവെച്ച് ഒന്നിക്കാനും തന്നെ പിന്തുണക്കാനും എംഎല്‍എ ആവശ്യപ്പെട്ടു.