റേപ്പ് ഒരു സ്വാഭാവിക മാലിന്യം മാത്രമാണ് ശ്രീരാമന് പോലും തടയാൻ സാധിച്ചിട്ടില്ല നിയമത്തിന് ഒന്നും ചെയ്യാൻ കഴിയില്ല

ഉത്തർപ്രദേശ്: ബലാത്സം​ഗം തടയാൻ രാമായണത്തിലെ ശ്രീരാമന് പോലും സാധിച്ചിട്ടില്ലെന്നും അതൊരു സ്വാഭാവിക മാലിന്യം മാത്രമാണെന്നും ഉത്തർ പ്രദേശ് ബിജെപി എംഎൽ എ സുരേന്ദ്ര സിം​ഗ്. പുരാണങ്ങളിൽ പോലും ഇത്തരം സംഭവങ്ങൾ തടഞ്ഞ ചരിത്രമില്ലെന്ന് ആത്മവിശ്വാസത്തോടെ പറയാൻ കഴിയുമെന്നാണ് സുരേന്ദ്ര സിം​ഗിന്റെ വാക്കുകൾ. ഇതൊരു സ്വാഭാവിക മലിനീകരണം മാത്രമാണ്. ആർക്കും ഭ്രഷ്ട് കൽപിച്ച് മാറ്റിനിർത്താൻ സാധിക്കില്ല. ഉത്തർപ്രദേശിൽ ബലാത്സം​ഗ സംഭവങ്ങൾ‌ വർദ്ധിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു സുരേന്ദ്ര സിം​ഗിന്റെ ഈ മറുപടി. 

''മറ്റുള്ളവരെ കുടുംബാം​ഗങ്ങളെപ്പോലെ, സഹോദരങ്ങളെപ്പോലെ പരി​ഗണിക്കുക എന്നത് ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. മൂല്യബോധത്തിലൂടെയേ ഇത്തരം കാര്യങ്ങൾ തടയാൻ സാധിക്കൂ. നിയമത്തിന് ഒന്നും ചെയ്യാൻ സാധിക്കില്ല'' - എംഎൽഎ സുരേന്ദ്ര സിം​ഗ് വ്യക്തമാക്കി. ഉന്നാവോ ബലാത്സം​ഗക്കേസിൽ ആരോപണ വിധേയനായി ജയിലിൽ കഴിയുന്ന മറ്റൊരു എംഎൽഎ കുൽദീപ് സിം​ഗ് സെം​ഗാറിന് പിന്തുണ നൽകിക്കൊണ്ട് സുരേന്ദ്ര സിം​ഗ് രം​ഗത്ത് വന്നിരുന്നു. ഇതിന് മുമ്പും ഇത്തരം വിരുദ്ധ ആരോപണങ്ങൾ കൊണ്ട് സുരേന്ദ്ര സിം​ഗ് വിവാദ പുരുഷനായിട്ടുണ്ട്.

കൈക്കൂലിക്കാരായ സർക്കാർ ഉദ്യോ​ഗസ്ഥർ വേശ്യകളേക്കാൾ മോശമാണെന്നായിരുന്നു സുരേന്ദ്ര സിം​ഗിന്റെ ഒരു വിവാദ പ്രസ്താവന. വേശ്യകൾ പണം വാങ്ങി തങ്ങളുടെ ജോലി ചെയ്യും. എന്നാൽ സർക്കാർ ഉദ്യോ​ഗസ്ഥർ കൈക്കൂലി വാങ്ങിക്കുകയല്ലാതെ ജോലി ചെയ്യില്ല. ഈ പ്രസ്താവനയിൽ ഇദ്ദേഹത്തിന് ശാസന ലഭിച്ചിരുന്നു. രാജ്യത്ത് പീഡനം വര്‍ദ്ധിക്കുന്നത് മാതാപിതാക്കള്‍ കുട്ടികള്‍ക്ക് മൊബൈല്‍ഫോണ്‍ വാങ്ങി നല്‍കുന്നത് മൂലമാണെന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഇദ്ദേഹം പറഞ്ഞത്. കുട്ടികളെ അലഞ്ഞ് തിരിയാന്‍ അനുവദിക്കുന്ന മാതാപിതാക്കളാണ് രാജ്യത്ത് പീഡനം കൂടാന്‍ കാരണമെന്ന സുരേന്ദ്രസിംഗിങ്ങിന്റെ പരാമര്‍ശം ഏറെ വിവാദമായിരുന്നു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ ശൂര്‍പണഖയെന്ന് വിളിച്ചതിന് ഏറെ പഴി കേട്ട എംഎല്‍എ കൂടിയാണ് സുരേന്ദ്രസിംഗ്.