സംസ്ഥാനത്തെ കൂടുതൽ സർക്കാർ ആശുപത്രികൾക്ക് കേന്ദ്ര സർക്കാരിന്റെ 'ലക്ഷ്യ', 'എൻ.ക്യു.എ.എസ്' ദേശീയ ഗുണനിലവാര അംഗീകാരങ്ങൾ ലഭിച്ചു. മാതൃ-ശിശു സംരക്ഷണ നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായാണ് ഈ നേട്ടം. ഇതോടെ സംസ്ഥാനത്ത് എൻ.ക്യു.എ.എസ് അംഗീകാരമുള്ള ആരോഗ്യ സ്ഥാപനങ്ങളുടെ എണ്ണം 361 ആയി ഉയർന്നു.
തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങളും മാതൃ-ശിശു സംരക്ഷണ നിലവാരവും ഉയർത്തുന്നതിന്റെ ഭാഗമായി കൂടുതൽ സർക്കാർ ആശുപത്രികൾക്ക് കേന്ദ്ര സർക്കാരിന്റെ ദേശീയ ഗുണനിലവാര അംഗീകാരങ്ങളായ 'ലക്ഷ്യ' , 'എൻ.ക്യു.എ.എസ്' സർട്ടിഫിക്കേഷനുകൾ ലഭിച്ചു. മാതൃ-ശിശു മരണനിരക്ക് കുറയ്ക്കുക, പ്രസവാനന്തര ശുശ്രൂഷ, അണുബാധ നിയന്ത്രണം, ലേബർ റൂമുകളുടെയും ഗർഭിണികൾക്കുള്ള ഓപ്പറേഷൻ തിയേറ്ററുകളുടെയും ഗുണനിലവാരം ഉയർത്തുക എന്നിവ മുൻനിർത്തി നടപ്പാക്കുന്ന പദ്ധതിയാണിത്.
നെയ്യാറ്റിൻകര ജനറൽ ആശുപത്രി (തിരുവനന്തപുരം): എൻ.ക്യു.എ.എസ് അംഗീകാരത്തിന് പുറമെ (98.25%), ലക്ഷ്യ പദ്ധതിയിൽ ഓപ്പറേഷൻ തിയേറ്ററിന് 98.11 ശതമാനവും ലേബർ റൂമിന് 99.69 ശതമാനവും സ്കോർ നേടി. ചെങ്ങന്നൂർ ജില്ലാ ആശുപത്രി (ആലപ്പുഴ): ഓപ്പറേഷൻ തിയേറ്ററിന് 90.06%, ലേബർ റൂമിന് 91.64%. ഐ.എം.സി.എച്ച് കോഴിക്കോട് മെഡിക്കൽ കോളേജ്: ഓപ്പറേഷൻ തിയേറ്ററിന് 98.84%, ലേബർ റൂമിന് 96.50% എന്ന മികച്ച സ്കോറോടെ പുനഃഅംഗീകാരം നേടി. ഇതോടെ സംസ്ഥാനത്ത് ആകെ 20 ആശുപത്രികൾക്ക് (3 മെഡിക്കൽ കോളേജുകൾ, 13 ജില്ലാ ആശുപത്രികൾ, 4 താലൂക്ക് ആശുപത്രികൾ) ലക്ഷ്യ സർട്ടിഫിക്കേഷൻ ലഭിച്ചു.
കൊല്ലം വിക്ടോറിയ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി (95.91%), കൊല്ലം പാരിപ്പള്ളി പ്രാഥമിക ആരോഗ്യകേന്ദ്രം (93.32%), തൃശൂർ നാട്ടിക പി.എച്ച്.സി (96.23%), മലപ്പുറം കൂരിയാട് യു.പി.എച്ച്.സി (96.49%) എന്നിവയുൾപ്പെടെ നിരവധി സ്ഥാപനങ്ങൾക്ക് എൻ.ക്യു.എ.എസ് ലഭിച്ചു. കൊല്ലം ചവറ (91.41%), ചാത്തന്നൂർ (96.83%) പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ അംഗീകാരം സ്വന്തമാക്കി. ഇവയ്ക്ക് പുറമെ ആലപ്പുഴയിലെ കഞ്ഞിപ്പാടം, കുന്നുമ്മ, ചാലടി; കോട്ടയത്തെ തോട്ടപ്പള്ളി; മലപ്പുറത്തെ രായിരിമംഗലം, മൂലക്കൽ, പുൽപ്പറ്റ; വയനാട്ടിലെ ചുളുക്ക, കുന്നംപേട്ട; കണ്ണൂരിലെ മാവടി, എടൂർ എന്നീ ജനകീയ ആരോഗ്യ കേന്ദ്രങ്ങളും തിളക്കമാർന്ന വിജയം നേടി.
പുതിയ പട്ടിക പുറത്തുവന്നതോടെ സംസ്ഥാനത്ത് എൻ.ക്യു.എ.എസ് അംഗീകാരമുള്ള ആരോഗ്യ സ്ഥാപനങ്ങളുടെ എണ്ണം 361 ആയി ഉയർന്നു. 13 ജില്ലാ ആശുപത്രികൾ, 8 താലൂക്ക് ആശുപത്രികൾ, 14 സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ, 53 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 181 കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 92 ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്കുമാണ് അംഗീകാരമുള്ളത്. എൻ.ക്യു.എ.എസ്/ലക്ഷ്യ അംഗീകാരങ്ങൾക്ക് മൂന്ന് വർഷത്തെ കാലാവധിയാണുള്ളത്. മൂന്ന് വർഷത്തിന് ശേഷം ദേശീയ തലത്തിലും വർഷം തോറും സംസ്ഥാന തലത്തിലും പുനഃപരിശോധനയുണ്ടാകും. അംഗീകാരം നേടുന്ന കുടുംബാരോഗ്യ/നഗര പ്രാഥമിക കേന്ദ്രങ്ങൾക്ക് 2 ലക്ഷം രൂപ വീതവും, ജനകീയ ആരോഗ്യ കേന്ദ്രങ്ങൾക്ക് 18,000 രൂപ വീതവും, മറ്റ് ആശുപത്രികൾക്ക് കിടക്കയൊന്നിന് 10,000 രൂപ വീതവും വാർഷിക ഇൻസെന്റീവ് ലഭിക്കും.

