ന്യൂഡല്‍ഹി: അനുയായികളെ പീഡിപ്പിച്ച കേസില്‍ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ദേര സച്ച സൗദ നേതാവ് ഗുര്‍മീത് റാം റഹിം സിങ്ങിനെ പിന്തുണച്ച് ബി.ജെ.പി എം.പി സാക്ഷി മഹാരാജ്. ഡല്‍ഹി ഇമാം ആണ് ഗുര്‍മീതിന്റെ സ്ഥാനത്തെങ്കില്‍ ഹൈക്കോടതിയോ സുപ്രിം കോടതിയോ ആയാലും ഇങ്ങനെ പെരുമാറുമോ എന്ന വിവാദ പരാര്‍ശവും സാക്ഷി നടത്തി. 

കോടിക്കണക്കിന് ജനങ്ങള്‍ ഗുര്‍മീതിനെ വിശ്വസിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുമ്പോള്‍ ഒരാള്‍ മാത്രമാണ് ഗുര്‍മീതിനെതിരെ നിലകൊള്ളുതെന്നത്. കോടിക്കണക്കിന് വരുന്ന ഗുര്‍മീതിന്റെ അനുയായികള്‍ പറയുന്നതാണോ അല്ലെങ്കില്‍ ഒരാള്‍ പറയുന്ന പരാതിയാണോ ശരി എന്നും സാക്ഷി ചോദിച്ചു. 

കോടതിയുടെ വിധിയുടെ പശ്ചാത്തലത്തില്‍ വലിയ ആപത്തുകള്‍ സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം ഗുര്‍മീതിന്റെ അനുയായികള്‍ക്ക് മാത്രമായിരിക്കില്ലെന്നും കോടതിക്കുമുണ്ടെന്നും സാക്ഷി പറഞ്ഞു.

പഞ്ച്കുളയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് ദേരാ ചച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങിനെ കുറ്റക്കാരനായി കണ്ടെത്തിയത്. അനുയായികളെ ബലാത്സംഗം ചെയ്തു എന്നതായിരുന്നു ഗുര്‍മീതിനെതിരായ പരാതി.