'പത്മനാഭസ്വാമി ക്ഷേത്രത്തിന്റെയും, ഗുരുവായൂര്‍- ശബരിമല ക്ഷേത്രങ്ങളുടെയും കൈവശമുള്ള സ്വര്‍ണ്ണവും മറ്റ് സ്വത്തുക്കളും കൂട്ടിയാല്‍ തന്നെ ഒരു ലക്ഷം കോടിയിലധികം കാണും. 21 കോടിയുടെ നഷ്ടം നികത്താന്‍ ഇത് ധാരാളമാണ്' 

ദില്ലി: പുതിയ കേരളത്തിന്റെ നിര്‍മ്മാണത്തിനായി കേരളത്തിലെ മൂന്ന് പ്രശസ്ത ക്ഷേത്രങ്ങള്‍ സ്വത്തുക്കള്‍ വിട്ടുനല്‍കണമെന്ന് ദില്ലിയില്‍ നിന്നുള്ള ബിജെപിയുടെ ദളിത് എം.പി ഉദിത് രാജ്. പത്മനാഭസ്വാമി ക്ഷേത്രം, ശബരിമല, ഗുരുവായൂര്‍ ക്ഷേത്രങ്ങളുടെ സ്വത്തുക്കളാണ് നവകേരളത്തിനായി സംഭാവന നല്‍കണമെന്ന് ഉദിത് രാജ് ആവശ്യപ്പെട്ടിരിക്കുന്നത്. 

'പത്മനാഭസ്വാമി ക്ഷേത്രത്തിന്റെയും, ഗുരുവായൂര്‍- ശബരിമല ക്ഷേത്രങ്ങളുടെയും കൈവശമുള്ള സ്വര്‍ണ്ണവും മറ്റ് സ്വത്തുക്കളും കൂട്ടിയാല്‍ തന്നെ ഒരു ലക്ഷം കോടിയിലധികം കാണും. 21 കോടിയുടെ നഷ്ടം നികത്താന്‍ ഇത് ധാരാളമാണ്. മനുഷ്യര്‍ മരിച്ചുവീഴുകയും ദുരിതത്തിലാവുകയും ചെയ്യുമ്പോള്‍ ഈ സ്വത്തുക്കള്‍ കാത്തുസൂക്ഷിച്ചിട്ട് എന്തിനാണ്'- ഉദിത് രാജ് ട്വീറ്റ് ചെയ്തു. 

പുതിയ കേരളത്തിനായുള്ള പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. ഇതിനിടെയാണ് ക്ഷേത്രസ്വത്തുക്കള്‍ ഉപയോഗിക്കണമെന്ന് ജനങ്ങളോട് ബിജെപി എംപിയുടെ ആഹ്വാനം. നേരത്തേ ചില ജനപ്രതിനിധികളും ഇതേ അഭിപ്രായം പരസ്യമായി മുന്നോട്ടുവച്ചിരുന്നു. എന്നാല്‍ ഉദിത് രാജിന്റെ നിര്‍ദേശത്തോട് ബിജെപിയില്‍ നിന്നോ പുറത്തുനിന്നോ ആരും ഇതുവരെ പ്രതികരിച്ചിട്ടില്ല.