പാലക്കാട്: മലപ്പുറം ഫലത്തിൽ ബിജെപി കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി. പ്രാദേശിക സ്ഥാനാർത്ഥിയെ ഇറക്കിയത് മുതൽ മലപ്പുറത്ത് സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ തന്ത്രങ്ങളെല്ലാം പൊളിഞ്ഞുവെന്നാണ് വിലയിരുത്തല്‍. കുമ്മനം ശൈലിക്കെതിരെ സംസ്ഥാനത്തും വിമർശനം ഉയരും. മിഷൻ 11, വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ചുരുങ്ങിയത് 11 താമരകളെങ്കിലും വിരിയിക്കണമെന്ന നിർദ്ദേശമാണ് അമിത്ഷാ ഭുവനേശ്വര്‍ നിർവ്വാഹക സമിതിയിൽ മുന്നോട്ട് വച്ചത്. എന്നാല്‍ പ്രഖ്യാപന്തിന്റെ തൊട്ടടുത്ത ദിവസം മലപ്പുറത്തെ പെട്ടി പൊട്ടിച്ചപ്പോൾ കേന്ദ്ര നേതൃത്വം ശരിക്കും ഞെട്ടി.

യുപിക്ക് ശേഷം രാജ്യത്താകെ ബിജെപിക്ക് അനുകൂലമായ കാറ്റ് വീശുമ്പോൾ മലപ്പുറത്ത് ഒരു ലക്ഷം വോട്ടെങ്കിലും കേന്ദ്ര സംസ്ഥാന നേതൃത്വം ഉറപ്പിച്ചിരുന്നു. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെക്കാൾ താമരയിൽ വീണത് വെറും 970 വോട്ട്. നിയമസഭാ തെരഞ്ഞെടുപ്പിനെക്കാൾ ഏഴായിരത്തിലറെ വോട്ട് കുറഞ്ഞു. കേരളം പിടിക്കാനൊരുങ്ങുന്ന അമിത് ഷാ മലപ്പുറം ഫലം വന്നശേഷം സംസ്ഥാന നേതൃത്വത്തെ അതൃപ്തി അറിയിച്ചുവെന്നാണ് വിവരം. ഷാക്ക് പിന്നാലെ സംസ്ഥാന നേതാക്കൾക്കും മലപ്പുറത്ത് കുമ്മനം പയറ്റിയ ശൈലിയോട്എതിർപ്പുണ്ട്.

ജില്ല കമ്മിറ്റി മുന്നോട്ടുവച്ച ശോഭാ സുരേന്ദ്രന്റെ പേര് വെട്ടി പ്രാദേശിക നേതാവിനെ ഇറക്കാൻ മുൻകയ്യെടുത്തത് കുമ്മനമായിരുന്നു. തുടക്കം മുതൽ എതിരാളികൾക്ക് പാ‍ർട്ടി  ഈസി വാക്കോവർ നൽകിയെന്നാണ് ചില നേതാക്കളുടെ ആക്ഷേപം. ഇടത് വലത് സൗഹൃദ മത്സരമടക്കം വിഷയങ്ങൾ ഏറെയുണ്ടായിട്ടും കാര്യമായി ഉപയോഗിച്ചില്ലെന്നും പരാതിയുണ്ട്. ദേശീയ സ്ഥിതിഗതികൾ മലപ്പുറത്തെ ബാധിച്ചില്ലെന്നാണ് ചില നേതാക്കളുടെ പ്രതികരണം.

നേമത്ത് താമര വിരിയിച്ച് മുന്നേറിയ കുമ്മനത്തിന് ഇനി പരീക്ഷണത്തിന്റെ നാളുകൾ. കൂട്ടായ ചർച്ചകളൊഴിവാക്കി എല്ലാം ഒറ്റക്ക് തീരുമാനിക്കുന്നുവെന്ന പരാതി  കുമ്മനത്തിനെതിരെ സംസ്ഥാനത്തെ ഒരുവിഭാഗം നേതാക്കൾക്ക് നേരത്തെയുണ്ട്. പുകയുന്ന പരാതികൾ ഇനി പുറത്ത് വരാനുള്ള സാധ്യതയാണ് തെളിയുന്നത്. രാഷ്ട്രീയത്തെക്കാൾ പ്രസിഡണ്ടിന് താത്പര്യം പരിസ്ഥിതി അടക്കമുള്ള വിഷയങ്ങളിലാണെന്ന ആക്ഷേപവും ഉണ്ട്. അധ്യക്ഷസ്ഥാനത്തെത്താാൻ തുണച്ച കേന്ദ്ര നേതൃത്വത്തിന്റെയും സംഘത്തിന്റെയും പിന്തുണ കുറയുന്നതും കുമ്മനത്തിന് മുന്നിലെ വെല്ലുവിളിയാണ്.