തിരുവനന്തപുരം: ബിജെപി സംസ്ഥാന സമിതി ഓഫിസിന് നേരെയുണ്ടായ അക്രമത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ്സിംഗ് മുഖ്യമന്ത്രി പിണറായി വിജയനെ ടെലിഫോണില്‍ വിളിച്ച് കാര്യങ്ങളന്വേഷിച്ചു. രാജ്നാഥ്സിംഗ് പിണറായി വിജയനെ വിളിച്ച് കാര്യങ്ങളന്വേഷിച്ചതിന് പിന്നാലെ കേന്ദ്രആഭ്യന്തര സെക്രട്ടറി സംസ്ഥാന ആഭ്യന്തര സെക്രട്ടറിയോട് റിപ്പോര്‍ട്ടാവശ്യപ്പെട്ടു.

സംസ്ഥാനത്ത് ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ക്ക് പിന്നാലെ സംസ്ഥാനസമിതി ഓഫീസിന് നേരെ കൂടി അക്രമം ഉണ്ടായത് ക്രമസമാധാന തകര്‍ച്ചയെന്ന് ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാനനേതൃത്വം കേന്ദ്രനേതൃത്വത്തോടും കേന്ദ്രസര്‍ക്കാരിനോടും പരാതിപ്പെട്ടിരുന്നു.
ബിജെപി എംപി മാരുടെ സംഘം ഉടന്‍ സംസ്ഥാനത്തെത്താനും പദ്ധതിയുണ്ട്. കേന്ദ്ര ഇടപെടലിനെ കുറിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ മാധ്യമങ്ങളെ അറിയിച്ചതിന് തൊട്ട്പിന്നാലെ മന്ത്രി ഇപി ജയരാജന്‍ ബിജെപി നേതാക്കളെ പരിഹസിച്ച് രംഗത്തെത്തി.

ഈ വര്‍ഷത്തെ ഏറ്റവും രസകരമായ വിശദീകരണം ചോദിക്കലെന്നായിരുന്നു മന്ത്രി ഇപി ജയരാജന്റെ കളിയാക്കല്‍. ഓഫീസ് അക്രമവുമായി ബന്ധപ്പെട്ട് മന്ത്രിമാരും നേതാക്കളുമൊക്കെ പ്രസ്താവനായുദ്ധം തുടരുമ്പോള്‍ ഈ വിഷയത്തില്‍ പോലീസ് അന്വേഷണം ഏങ്ങുമെത്തിയിട്ടില്ല. അക്രമത്തിന് പിന്നില്‍ ആരാണെന്നോ ഉദ്ദേശമെന്തെന്നോ സുചനകളൊന്നും ഇതുവരെ പോലീസിന് കിട്ടിയിട്ടില്ല.