തിരുവനന്തപുരം: ശബരിമല പ്രശ്നത്തിൽ നിലക്കൽ കേന്ദ്രമാക്കി വീണ്ടും പ്രക്ഷോഭം നടത്താൻ ബിജെപി.  ദേശീയ നേതൃത്വത്തിൻറെ പിന്തുണയോടെ ശബരിമല സമരം കടുപ്പിക്കാനാണ്  തീരുമാനം. വിശ്വാസത്തെ അടിച്ചമർത്താൻ അനുവദിക്കില്ലെന്ന് ട്വീറ്റ് ചെയ്ത അമിത്ഷാ സോവിയേറ്റ് തടവുകാരോടെന്ന് പോലെ അയ്യപ്പഭക്തരോട് പെരുമാറാമെന്ന് പിണറായി വിജയൻ കരുതേണ്ടെന്നും പറഞ്ഞു. 

അയോധ്യ മാതൃകയിലുള്ള സമരത്തിന് വിഎച്ച്പിയുടേയും ആഹ്വാനമുണ്ട്. സംസ്ഥാന ഭാരവാഹികൾ സമയബന്ധിതമായി നിലക്കലിലെത്തിയുള്ള പ്രക്ഷോഭത്തിനാണ് ബിജെപി തീരുമാനം. -സമരം യുവതീപ്രവേശനത്തിനെതിരെ അല്ല കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെയാണെന്ന് ശ്രീധരൻപിള്ള പറഞ്ഞ സാഹചര്യത്തിൽ ശബരിമലയിലെ പ്രതിഷേധം നിർത്തണമെന്ന് കോടിയേരി ആവശ്യപ്പെട്ടു. വിഎസ് അച്യുതാനന്ദനും സമാന ആവശ്യം ഉന്നയിച്ചു.

അതേസമയം യുവതീപ്രവേശനത്തിനെതിരെ അല്ല സമരമെന്ന് പറഞ്ഞിട്ടില്ലെന്ന് ശ്രീധരൻപിള്ള വിശദീകരിച്ചു. ശബരിമല സർക്കുലർ എതിരാളികൾ ആയുധമാക്കുന്നുണ്ടെങ്കിലും സർക്കുലർ തള്ളിക്കളയേണ്ടെന്നായിരുന്നു ബിജെപി ജനറൽ സെക്രട്ടറിമാരുടെ യോഗത്തിലെ ധാരണ.  അതിനിടെ ശബരിമല വിഷയത്തില്‍ ആശയസംവാദത്തിന് പിഎസ് ശ്രീധരൻപിള്ളയെ കോടിയേരി ബാലകൃഷ്ണൻ വെല്ലുവിളിച്ചിട്ടുണ്ട്.

മണ്ഡല മകരവിളക്ക് ഉത്സവത്തിനായി ശബരിമലയില്‍ നട തുറന്ന് നാല് ദിവസം പിന്നിടുമ്പോള്‍ ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങള്‍ക്കെതിരെയാണ് ബിജെപിയുടെ പ്രതിഷേധം. ഭക്തരെ പൊലീസ് വേട്ടയാടുന്നുവെന്ന് ബിജെപി ആരോപിക്കുന്നു.

അതേസമയം തന്നെ നിലക്കലും പമ്പയിലുമായി എത്തിയ യുഡിഎഫ് നേതാക്കളും ശബരിമലയിലെ നിയന്ത്രണങ്ങള്‍ എടുത്തുകളയണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ശബരിമലയില്‍ പ്രതിഷേധക്കാര്‍ തമ്പടിക്കാതിരിക്കാനുള്ള കടുത്ത കരുതലിലാണ് പൊലീസ്.