ദില്ലി: മുത്തലാഖ് ബില്ല് അടിയന്തരമായി പാർലമെന്‍റില്‍ കൊണ്ടു വന്ന് ചർച്ച നടത്താനുള്ള സർക്കാർ നീക്കം വരാൻ പോകുന്ന ഒരു വർഷം ബിജെപി സ്വീകരിക്കാൻ പോകുന്ന നയം വ്യക്തമാക്കുന്നു. ഒപ്പം നില്കുന്ന പാർട്ടികളെ പോലും വിശ്വാസത്തിലെടുക്കാതെയുള്ള ബിജെപി നീക്കം സംഘപരിവാർ അണികൾക്ക് ഊർജ്ജം പകരാൻ ഉദ്ദേശിച്ചുള്ളതാണ്. കോൺഗ്രസിനെ ആശയക്കുഴപ്പത്തിലാക്കാനും ബിജെപിക്കായി.
അവതരിപ്പിച്ച് ഒരു മണിക്കൂറിനുള്ളിൽ അടിയന്തരമായി പരിഗണിച്ച് മുത്തലാഖ് ബില്ലിൽ സർക്കാർ നീക്കം. അപൂർവ്വമല്ലെങ്കിലും അസാധാരണ നടപടിയിലൂടെ ബില്ല് പാസാക്കിയെടുക്കാൻ ബിജെപി കാട്ടിയ തിടുക്കം ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ നീക്കത്തിൽ ആദ്യ സുപ്രധാന ചുവടുവയ്പാണ്. ബിജെപിയുടെ പ്രിയപ്പെട്ട വിഷയങ്ങളാണ് രാമക്ഷേത്ര നിർമ്മാണം, 370ആം വകുപ്പ്, ഏകീകൃത സിവിൽ നിയമം എന്നിവ നാലുവർഷവും കോൾഡ് സ്റ്റോറേജിലായിരുന്നു.
എന്നാൽ തെരഞ്ഞെടുപ്പ് വർഷം ഇത് പുറത്തെടുക്കുന്നു എന്ന സൂചനയാണ് ബിജെപി ഇന്നത്തെ നീക്കത്തിലൂടെ നല്കുന്നത്. ഈ നിയമം പാസ്സാക്കുന്നതിന് രാജ്യത്തെ സ്ത്രീകൾ പ്രത്യേകിച്ച് മുസ്ലിം സ്ത്രീകളിൽ വലിയൊരു വിഭാഗത്തിൻറെ പിന്തുണയുണ്ടെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ സുപ്രീംകോടതിയുടെ ഉത്തരവിനു പുറമെ നിയമം കൂടെ കൊണ്ടു വന്ന് പാസ്സാക്കുന്ന ബിജെപി സംഘപരിവാർ സംഘടനകളുടെ കൂടി വികാരമാണ് സംരക്ഷിക്കുന്നത്.
ഗുജറാത്തിലുൾപ്പടെ തണുത്ത നിലപാട് സ്വീകരിച്ച സ്വന്തം അണികൾക്ക് തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപി ഊർജ്ജം പകരുന്നു. അയോധ്യയിൽ അടുത്ത തെരഞ്ഞെടുപ്പിന് മുമ്പ് സുപ്രധാന നീക്കങ്ങൾ പ്രതീക്ഷിക്കാം. നിയമകമ്മീഷൻറെ പരിഗണനയിലുള്ള ഏകീകൃത സിവിൽ നിയമത്തിലും തുടർനടപടി ഉണ്ടാകും. ഗുജറാത്തിൽ മൃദുഹിന്ദുത്വ നിലപാട് സ്വീകരിച്ച കോൺഗ്രസിൽ മുത്തലാഖ് ബില്ലിൻറെ കാര്യത്തിൽ ആശയക്കുഴപ്പവും വ്യത്യാസവും പ്രകടമായി.
പ്രതിപക്ഷത്തെ ഈ ധർമ്മസങ്കടം ബിജെപി ഉപയോഗിച്ചു. എംജെ അക്ബറിനെ പോലും ബിജെപി രംഗത്തിറക്കി. ഒപ്പം നില്ക്കുന്ന അണ്ണാ ഡിഎംകെയെ പോലും വിശ്വാസത്തിലെടുക്കാത്ത ബിജെപി വരാൻ പോകുന്ന പലതിന്‍റെയും സൂചന നല്കുന്നു. 2018 ഇന്ത്യയ്ക്ക് വെറുമൊരു വർഷമായിരിക്കില്ല.
