ശബരിമലയിലെ ആചാര സംരക്ഷണത്തിനായി ബിജെപി സംസ്ഥാന വ്യാപകമായി ധർണ്ണ സംഘടിപ്പിച്ചു. കുംഭമാസപൂജക്കായി ശബരിമല നട തുറന്ന സാഹചര്യത്തിലാണിത്. 

തിരുവനന്തപുരം: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന വ്യാപകമായി ധർണ്ണ സംഘടിപ്പിച്ചു. കുംഭമാസപൂജക്കായി ശബരിമല നട തുറന്ന സാഹചര്യത്തിലാണിത്. 

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനും മുന്നിലും വിവിധ ജില്ലാ കേന്ദ്രങ്ങളിലുമായിരുന്നു സമരം. സെക്രട്ടറിയേറ്റിന് മുന്നിലെ സത്യഗ്രഹം ഒ രാജഗോപാൽ ഉദ്ഘാടനം ചെയ്തു. കോട്ടയത്ത് എ എൻ രാധാകൃഷ്ണനും എറണാകുളത്ത് പി കെ കൃഷ്ണദാസും പാലക്കാട് ശോഭ സുരേന്ദ്രനും കാസർകോട് കെ സുരേന്ദ്രനുമാണ് സമരപരിപാടി ഉദ്ഘാടനം ചെയ്തത്. വിശ്വാസികളെ മുന്നിൽ നിന്നും കുത്തിയ സിപിഎമ്മും പിന്നിൽ നിന്നും കുത്തിയ കോൺഗ്രസ്സും പാഠം പഠിക്കുമെന്ന് തൃശൂരിൽ സമരം ഉദ്ഘാടനം ചെയ്ത് സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ള പറഞ്ഞു.

കുംഭമാസപൂജകൾക്കായി ഇന്നലെ ആണ് ശബരിമല നട തുറന്നത്. കുംഭമാസ പൂജകൾക്ക് ശേഷം ഞായറാഴ്ച രാത്രി 10ന് നടയടയ്ക്കും. സ്ത്രീ പ്രവേശന വിധിയെ തുടർന്ന് മണ്ഡല-മകരവിളക്ക് സീസണിൽ ഉണ്ടായ സംഘർഷങ്ങൾ കണക്കിലെടുത്ത് കർശന സുരക്ഷയാണ് ശബരിമലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്.