ദില്ലി: മുഖ്യമന്ത്രി പിണറായി വിജയനെ പേടിയാണെങ്കില്‍ സംസ്ഥാന ഗവര്‍ണര്‍ പി.സദാശിവം ആ പദവിയില്‍ തുടരാതെ ഇത്രയും വേഗം ഇറങ്ങിപ്പോകണമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. ശക്തമായ ഭാഷയിലായിരുന്നു ശോഭാ സുരേന്ദ്രന്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ചത്.
'പിണറായി വിജയനെ കാണുമ്പോള്‍ തലകുനിച്ച്, എനിക്ക് പിണറായി വിജയനെ പേടിയാണ്, ഞാനൊരു നടപടിയും സ്വീകരിക്കില്ല എന്നു പറയാനാണ് കേരളത്തിന്റെ ബഹുമാനപ്പെട്ട ഗവര്‍ണറുടെ ഭാവമെങ്കില്‍ ദയവുചെയ്ത് ആ കസേരയില്‍ നിന്നും ഇറങ്ങിപ്പോകണമെന്ന് ഞങ്ങള്‍ അങ്ങയോട് ആവശ്യപ്പെടുകയാണ്.
തന്‍റെടമുണ്ടെങ്കില്‍ ആ ഗവര്‍ണര്‍ എന്ന പദവയോട് അല്‍പ്പമെങ്കിലും സാമാന്യ മര്യാദയും നീതിബോധവും അങ്ങേയ്ക്കുണ്ടെങ്കില്‍ അങ്ങ് ചെയ്യേണ്ട കാര്യങ്ങള്‍ ഞങ്ങള്‍ക്കു വേണ്ടി, ഇന്ത്യയിലെ ജനത, ഡല്‍ഹിയിലെ ജനത കേരളത്തിലെ ബഹുമാനപ്പെട്ട ഗവര്‍ണറോട് അറിയിക്കുകയാണ്.' എന്നാണ് ശോഭാ സുരേന്ദ്രന്‍ തന്‍റെ പ്രസംഗത്തിലൂടെ ആഞ്ഞടിച്ചത്.
കണ്ണൂരില്‍ ബിജെപി -ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നിരന്തരം കൊല്ലപ്പെടുന്ന സാഹചര്യത്തിലും ഗവര്‍ണര്‍ ചെറുവിരല്‍പ്പോലും അനക്കിയില്ലെന്നും ശോഭാ സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കൂടിയായ എം.ടി രമേശ് കഴിഞ്ഞ ദിവസം തന്‍റെ ഫേസ്ബുക്കിലൂടെ ഗവര്‍ണര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ശോഭാ സുരേന്ദ്രനും ഗവര്‍ണറെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്.
