കേരളത്തിലെ രാഷ്‌ട്രീയ സംഘര്‍ഷം വീണ്ടും പാര്‍ലമെന്‍റില്‍ ഉന്നയിച്ച് ബി.ജെ.പി. ഹരിയാനയില്‍ ഗോസംരക്ഷകരുടെ മര്‍ദ്ദനമേറ്റ് മരിച്ച ജുനൈദിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നല്‍കിയ കേരള സര്‍ക്കാര്‍ സംസ്ഥാനത്ത് ആക്രമിക്കപ്പെടുന്ന ദളിതരെ കണ്ടില്ലെന്നു നടിക്കുകയാണെന്ന് മീനാക്ഷി ലേഖി പറഞ്ഞു. കേരളത്തിലെ ആക്രമണങ്ങള്‍ ഏകപക്ഷീയമല്ലെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‍ലി സമ്മതിച്ചതായി മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തിയ ശേഷം സി.പി.എം എംപിമാര്‍ അറിയിച്ചു.
അജണ്ടയ്‌ക്ക് പുറത്ത് നിന്നുള്ള വിഷമായാണ് മീനാക്ഷി ലേഖി കേരളത്തിലെ ആക്രമണങ്ങള്‍ ലോക്‌സഭയില്‍ വീണ്ടും അവതരിപ്പിച്ചത്. ജുനൈദിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപ കേരള സര്‍ക്കാര്‍ നല്‍കിയെന്നും എന്നാല്‍ കേരളത്തിലെ വീടുകളും കടകളും ആക്രമിക്കുമ്പോഴും നാല് ദളിതര്‍ മര്‍ദ്ദിക്കപ്പെട്ടിട്ടും ഇവര്‍ക്ക് ധനസഹായം നല്‍കുന്നില്ലെന്ന് മീനാക്ഷി ലേഖി ആരോപിച്ചു. മീനാക്ഷി ലേഖിയുടെ പരാമര്‍ശത്തിനെതിരെ ഇടത് എം.പിമാര്‍ ബഹളം വച്ചതോടെ ഉച്ചയോടെ ലോക്‌സഭ പിരിഞ്ഞു. സര്‍ക്കാരല്ല പാര്‍ട്ടിയാണ് ജുനൈദിന്റെ കുടുംബത്തിന് സഹായം നല്‍കിയതെന്ന് പറഞ്ഞ ഇടത് എം.പിമാര്‍ സഭയ്‌ക്കകത്ത് സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും വിശദീകരിച്ചു. കേരളത്തിലെ രാഷ്‌ട്രീയ സംഘര്‍ഷങ്ങളുടെ വസ്തുതകള്‍ ധരിപ്പിക്കാന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയെ സി.പി.എം എംപിമാര്‍ കണ്ടു. കൊല്ലപ്പെട്ട സി.പി.എം എം.പിമാരുടെ വിവരങ്ങള്‍ അടങ്ങുന്ന നിവേദനം ജയ്റ്റ്‍ലിക്ക് കൈമാറി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാനും ഇടത് എംപിമാര്‍ സമയം ചോദിച്ചിട്ടുണ്ട്.
