അഹമ്മദാബാദ്: ഡിസംബര്‍ 9,14 തീയതികളിലായി നടക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ബിജെപി സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടികയ്ക്ക് പാര്‍ട്ടി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി അംഗീകാരം നല്‍കി. 

ആകെ 182 നിയമസഭാ മണ്ഡലങ്ങളിലേക്കായി നടക്കുന്ന തിരഞ്ഞെടുപ്പില്‍ 70 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ പട്ടികയ്ക്കാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി അംഗീകാരം നല്‍കിയത്. തിരഞ്ഞെടുപ്പ് യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്, സുഷമ സ്വരാജ് തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. 

പുറത്തു വന്ന പട്ടിക പ്രകാരം ഗുജറാത്ത് മുഖ്യമന്ത്രി വിജയ് റുപാണി സൗരാഷ്ട്രയിലെ രാജ്‌കോട്ട് വെസ്റ്റ് സീറ്റില്‍ നിന്ന് വീണ്ടും മത്സരിക്കും. ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍ മെഹ്‌സനയില്‍ നിന്നും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ജിതു വാഗ്ഹനി ഭാവ്‌നഗര്‍ വെസ്റ്റില്‍ നിന്നും മത്സരിക്കും. രാജ്യസഭാ തിരഞ്ഞെടുപ്പ് വേളയില്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന അഞ്ച് എംഎല്‍എമാര്‍ക്കും പാര്‍ട്ടി ഇക്കുറി സീറ്റ് നല്‍കിയിട്ടുണ്ട്.