കേംബ്രിഡ്ജ് അനലറ്റിക്ക വഴി രാഹുല്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണത്തെ നേരിടാനാണ് പുതിയ വിവാദമെന്ന് ബിജെപി.   

ദില്ലി: നരേന്ദ്രമോദി ആപ്പ് വഴി വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന രാഹുലിന്‍റെ ആരോപണത്തിന് മറുപടിയുമായി ബിജെപി. കേംബ്രിഡ്ജ് അനലറ്റിക്ക വഴി രാഹുല്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണത്തെ നേരിടാനാണ് പുതിയ വിവാദമെന്ന് ബിജെപി. 

സാങ്കേതിക വിദ്യയെക്കുറിച്ച് രാഹുലിന് ഒന്നുമറിയില്ലെന്ന് ഇപ്പോള്‍ വ്യക്തമായി. ഗൂഗിളിലെപ്പോലെ മോദി ആപ്പിലും വിവരങ്ങള്‍ വിശകലനം ചെയ്യാന്‍ മാത്രമാണ് മൂന്നാം കക്ഷികളെ ഏല്‍പ്പിച്ചിട്ടുളളത് എന്നും ബിജെപി നേതാക്കള്‍ കൂട്ടിച്ചേര്‍ത്തു. 

പ്രധാനമന്ത്രിയുടെ പേരില്‍ ട്വീറ്റ് ചെയ്താണ് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുല്‍ ഗാന്ധി മോദിയെ പരിഹസിച്ചത് . 'ഞാന്‍ നരേന്ദ്രമോദി. എന്‍റെ ആപ്പില്‍ കയറിയാല്‍ നിങ്ങളുടെ എല്ലാ വിവരങ്ങളും അമേരിക്കയിലെ സുഹൃത്തുക്കള്‍ക്ക് ഞാന്‍ കൈമാറും' എന്നാണ് രാഹുലിന്‍റെ ട്വീറ്റ്. പതിവുപോലെ നിര്‍ണായകമായ ഈ വാര്‍ത്തയും മുക്കിയതിന് മുഖ്യധാര മാധ്യമങ്ങള്‍ക്ക് നന്ദിയെന്നും രാഹുല്‍ കുറിച്ചിരുന്നു. 

നരേന്ദ്ര മോദി ആപ് എന്ന പ്രധാനമന്ത്രിയുടെ മൊബൈൽ ആപ്ളിക്കേഷൻ 50 ലക്ഷത്തിലധികം പേർ ഡൗൺലോഡ് ചെയ്തിട്ടുണ്ട്. ആപ് ഉപയോഗിക്കുന്നവരുടെ വിവരങ്ങൾ അമേരിക്കൻ കമ്പനിക്ക് ചോരുന്നു എന്നാണ് സൈബർ സുരക്ഷയിൽ ഗവേഷണം ചെയ്യുന്ന ആൾഡഴ്സൺ ട്വീറ്റ് ചെയ്തത്. ആപ് ഉപയോഗിക്കുന്നവരുടെ സമ്മതമില്ലാതെയാണ് ഈ ഡാറ്റാ കൈമാറ്റം എന്ന് ആൾഡേഴ്സൺ പറയുന്നു. 

ഏതു മൊബൈലാണ് ഉപയോഗിക്കുന്നത്. സോഫ്റ്റ്വെയർ ഏതാണ്, ഉപയോഗിക്കുന്ന നെറ്റ്വർക്ക് തുടങ്ങിയ വിവരങ്ങൾ മൂന്നാമതൊരു വെബ്സൈറ്റിലേക്ക് പോകുന്നു. ഒപ്പം ആപ് ഉപയോഗിക്കുന്നവരുടെ പേര്, ഫോട്ടോ, ഇമെയിൽ വിലാസം എന്നിവയും കൈമാറുന്നു. അമേരിക്കൻ കമ്പനിയായ ക്ളെവർടോപാണ് ഈ സൈറ്റിൻറെ ഉടമസ്ഥരെന്നും ഡിജിറ്റൽ മാർഗ്ഗങ്ങളിലൂടെ ഉപഭോക്താക്കളുമായി ബന്ധം സ്ഥാപിക്കാൻ ആഗ്രഹിക്കുന്നവർക്ക് വിവരങ്ങൾ നല്കുന്ന കമ്പനിയാണിതെന്നും ആൻഡേഴ്സൺ പറയുന്നു.