എംഎയും ബിഎ ബിരുദവും ഉള്ളതായി നരേന്ദ്ര മോദി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുമ്പ് സമര്‍പ്പിച്ച രേഖകള്‍ വ്യക്തമാക്കിയത് കള്ളമാണെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ ആരോപിച്ചിരുന്നു. സത്യവാങ്മൂലത്തില്‍ പറയുന്ന വര്‍ഷത്തില്‍ ദില്ലി സര്‍വ്വകലാശാലയില്‍ നിന്നും രാജസ്ഥാന്‍ സ്വദേശിയായ നരേന്ദ്രകുമാര്‍ മഹാവീര്‍ മോദിയാണ് ഡിഗ്രി കരസ്ഥമാക്കിയതെന്നും നരേന്ദ്ര ദാമോദര്‍ദാസ് മോദി അല്ലെന്നുമായിരുന്നു കേജ്രിവാളിന്റെ കണ്ടെത്തല്‍. ഇതിന് മറുപടിയുമായാണ് മോദിയുടെ ബിഎയുടെ സാക്ഷ്യപത്രം ഉയര്‍ത്തി കാട്ടി അമിത്ഷായും അരുണ്‍ ജെയ്റ്റ്ലിയും രംഗതെത്തിയത്. വ്യാജ ആരോപണം ഉന്നയിച്ച കെജ്‍രിവാള്‍ മാപ്പു പറയണമെന്നും അവര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ അമിത്ഷാ പുറത്ത് വിട്ട സാക്ഷ്യപത്രങ്ങളില്‍ നരേന്ദ്ര ദാമോദര്‍ ദാസ് മോദിയെന്നും മാര്‍ക്ക് ലിസ്റ്റുകളില്‍ ചിലതില്‍ നരേന്ദ്ര കുമാര്‍ ദാമോദര്‍ ദാസ് മോദിയെന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ വൈരുദ്ധ്യവും മാര്‍ക്ക് ലിസ്റ്റിലെയും സര്‍ട്ടിഫിക്കറ്റിലെയും വര്‍ഷം സംബന്ധിച്ച വ്യത്യാസവും ഉയര്‍ത്തി കാട്ടി എഎപിയും രംഗതെത്തി. ഇനി മോദി പേര് മാറ്റിയതാണെങ്കില്‍ അതിന്റെ സത്യവാങ്മൂലം കൈയ്യിലുണ്ടോയെന്നും ആം ആദ്മി പാര്‍ട്ടി ചോദിച്ചു.