അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ബി.ജെ.പിയുടെ പ്രകടന പത്രിക പുറത്തിറക്കി. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. സങ്കല്‍പ് പത്ര എന്ന പേരിലാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ശനിയാഴ്ചയാണ് ഗുജറാത്തിലെ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്നത്.

നേരത്തെ പ്രകടന പത്രിക പുറത്തിറക്കാതിരുന്ന ബി.ജെ.പി നേതൃത്വത്തെ കോണ്‍ഗ്രസും പട്ടേല്‍ വിഭാഗവും വിമര്‍ശിച്ചിരുന്നു. കോണ്‍ഗ്രസിന്റെ വിമര്‍ശനങ്ങള്‍ക്ക് മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി മറുപടി നല്‍കി. പട്ടേല്‍ സമുദായത്തിന് വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നതെന്ന് ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി.രാജ്യത്ത് ഏറ്റവുമധികം വളര്‍ച്ചാ നിരക്കുള്ള സംസ്ഥാനമാണ് ഗുജറാത്തെന്ന് ജെയ്റ്റ്‌ലി അവകാശപ്പെട്ടു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഗുജറാത്ത് ശരാശരി അഞ്ച് ശതമാനം വളര്‍ച്ച നേടിയെന്നും ജെയ്റ്റ്‌ലി അവകാശപ്പെട്ടു. ഗുജറാത്തില്‍ കോണ്‍ഗ്രസിന്റേത് സാമൂഹ്യ ദ്രുവീകരണം സൃഷ്ടിക്കുന്ന രാഷ്ട്രീയമാണെന്നും ജെയ്റ്റ്‌ലി വിമര്‍ശിച്ചു.

ഡിസംബര്‍ നാലിന് കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയിരുന്നു. രാജ്യത്തെ കര്‍ഷകര്‍ക്കും സമാശ്വാസ പദ്ധതികളുമായാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രിക. 89 മണ്ഡലങ്ങളിലേക്കാണ് ആദ്യഘട്ട പോളിങ്. രണ്ടാം ഘട്ട പോളിങ് ഡിസംബര്‍ 14ന് നടക്കും. 20നാണ് ഫലപ്രഖ്യാപനം