തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ രാഷ്ട്രീയപ്പോര് വ്യക്തമാക്കിയതിന് പിന്നാലെ പ്രക്ഷോഭം ശക്തമാക്കാനൊരുങ്ങുകയാണ് ബിജെപി. ഇതിന്റെ ഭാഗമായി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ളയെ കേന്ദ്രനേതൃത്വം ദില്ലിയിലേക്ക് വിളിപ്പിച്ചതായാണ് സൂചന. 

ദില്ലിയില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായും കേന്ദ്ര ആഭ്യന്തരമന്ത്രിയും, മുതിര്‍ന്ന നേതാവുമായ രാജ്‌നാഥ് സിംഗുമായും ശ്രീധരന്‍ പിള്ള ചര്‍ച്ച നടത്തിയേക്കും. തെരഞ്ഞെടുപ്പ് സംബന്ധമായ വിഷയങ്ങളല്ല, മറിച്ച് ശബരിമല വിഷയം തന്നെയായിരിക്കും മുഖ്യ ചര്‍ച്ചാവിഷയമെന്നാണ് സൂചന. 

ശബരിമല സമരം സ്ത്രീകള്‍ പ്രവേശിക്കുന്നതിനെതിരെ അല്ലെന്നും കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരെയുള്ള സമരമാണെന്നും നേരത്തേ ശ്രീധരന്‍ പിള്ള പരസ്യമായി പറഞ്ഞിരുന്നു. എന്നാല്‍ പ്രസ്താവന വിവാദമായതോടെ തന്റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നുവെന്ന ആരോപണവുമായി രംഗത്തെത്തി. 

ഇതിന് പിന്നാലെ ബിജെപി നേതാവ് ശോഭ സുരേന്ദ്രനും ശ്രീധരന്‍ പിള്ളയുടെ വാക്കുകള്‍ ആവര്‍ത്തിച്ചു. സമരം സ്ത്രീപ്രവേശനത്തിന് എതിരല്ലെന്നും എന്നാല്‍ സ്ത്രീപ്രവേശനം അനുവദിക്കാന്‍ ആകില്ലെന്നുമാണ് ശോഭ സുരേന്ദ്രന്‍ വ്യക്തമാക്കിയത്. വിഷയത്തില്‍ ബിജെപിയുടെ സമരം കാണാനിരിക്കുന്നതേയുള്ളൂവെന്നും സമരത്തിന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് പ്രവര്‍ത്തകരെത്തുമെന്നും ശോഭ സുരേന്ദ്രന്‍ പറഞ്ഞു. 

ശബരിമലയില്‍ ബിജെപിയുടേത് രാഷ്ട്രീയതന്ത്രമാണെന്ന് പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള ഇടത് നേതാക്കളും നിരന്തരം ആരോപിക്കുന്നുണ്ട്. അതേസമയം കോണ്‍ഗ്രസ് രാഷ്ട്രീയമായി ആര്‍ക്കൊപ്പമാണെന്ന് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. കെ.സുധാകരനും രമേശ് ചെന്നിത്തലയുമാണ് കോണ്‍ഗ്രസിനകത്ത് നിന്ന് ശബരിമല വിഷയത്തില്‍ ഇടതുസര്‍ക്കാരിനെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്. എന്നാല്‍ തുടര്‍ദിവസങ്ങളില്‍ ഏതുതരത്തിലുള്ള നീക്കങ്ങളാണ് കോണ്‍ഗ്രസ് നടത്തുകയെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.