ആർഎസ്എസ് നിർദ്ദേശപ്രകാരമാണ് മൂന്ന് നേതാക്കളും വിട്ടുനിന്നതെന്ന വിവരവുമുണ്ട്.
പാലക്കാട്: ബിജെപി സംസ്ഥാന പ്രസിഡന്‍റിനെ തീരുമാനിക്കുന്നതിന് മുന്നോടിയായി ദേശീയ പ്രതിനിധി വിളിച്ച യോഗത്തിൽ നിന്നും മൂന്ന് സംസ്ഥാന ജനറൽ സെക്രട്ടറിമാർ വിട്ടുനിന്നു. പാലക്കാട് നടന്ന യോഗത്തിനെത്തിയത് കെ. സുരേന്ദ്രൻ മാത്രം.
പ്രസിഡന്‍റിനെ ചൊല്ലിയുള്ള ഗ്രൂപ്പ് പോര് മുറുകുന്നതിനിടെയാണ് ദേശീയ സഹ സംഘടനാ സെക്രട്ടറി ബിഎൽ സന്തോഷ് ചർച്ചക്കായി എത്തിയത്. പാർട്ടിയുടെ നാല് സംസ്ഥാന ജനറൽ സെക്രട്ടറിമാരുടേയെും യോഗമാണ് വിളിച്ചത്. എന്നാൽ സുരേന്ദ്രനൊഴികെ എ.എൻ. രാധാകൃഷ്ണൻ, എം.ടി. രമേശ്, ശോഭാ സുരേന്ദ്രൻ എന്നിവർ വിട്ടുനിന്നു. വി.മുരളീധരനുമായി അടുപ്പം പുലർത്തുന്ന ബി.എൽ. സന്തോഷ്, സുരേന്ദ്രന് അനുകൂല തീരുമാനങ്ങളെടുക്കുമെന്ന ആശങ്കയാണ് മൂന്ന് പേർക്കുമെന്നാണ് വിവരം.
എ.എൻ. രാധാകൃഷ്ണനും എം.ടി. രമേശും കൃഷ്ണദാസ് പക്ഷക്കാരാണ്. രണ്ട് ഗ്രൂപ്പിലുമില്ലെങ്കിലും സുരേന്ദ്രൻ പ്രസിഡന്‍റാകുന്നതിനോട് ശോഭാ സുരേന്ദ്രനും യോജിപ്പില്ല. കേന്ദ്ര പ്രതിനിധി വിളിച്ച യോഗത്തിൽ നിന്നും നേതാക്കൾ വിട്ടുനിന്നത് അച്ചടക്കലംഘനമാണെന്നാണ് മുരളീധരപക്ഷത്തിൻറെ നിലപാട്. ആർഎസ്എസ് നിർദ്ദേശപ്രകാരമാണ് മൂന്ന് നേതാക്കളും വിട്ടുനിന്നതെന്ന വിവരവുമുണ്ട്.
ബിഎൽ സന്തോഷ് ആർഎസ്എസ് പ്രതിനിധികളുമായും ചർച്ച നടത്തിയിരുന്നു. ആരുടെയും പേര് ആർഎസ്എസ് മുന്നോട്ട് വെച്ചില്ലെന്നാണ് സൂചന. കൊച്ചിയിൽ എച്ച്. രാജ ബിജെപി നേതാക്കളുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തി. കൂടിക്കാഴ്ചയിലും സമവായം കണ്ടെത്തിയില്ല. മുരളീധരപക്ഷം സുരേന്ദ്രന്‍റെയും കൃഷ്ണദാസ് വിഭാഗം എഎൻ രാധാകൃഷ്ണൻറെയും എംടിരമേശിന്‍റെയും പേരുകളാണ് മുന്നോട്ട് വക്കുന്നത്.
