സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി കസ്റ്റഡിയില്‍ എടുത്ത ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തതോടെ ശക്തമായ പ്രതിഷേധ നടപടികളിലേക്ക് ബിജെപി.
തിരുവനന്തപുരം: സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി കസ്റ്റഡിയില്‍ എടുത്ത ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തതോടെ ശക്തമായ പ്രതിഷേധ നടപടികളിലേക്ക് ബിജെപി. 10 മണിമുതല്‍ ദേശീയപാതാ ഉപരോധിക്കാനാണ് നീക്കം. ഒന്നര മണിക്കൂറാണ് പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി ദേശീയപാത ഉപരോധിക്കുക.
ശബരിമല ദർശനത്തിനെത്തിയ സുരേന്ദ്രനെയും ബിജെപി നേതാക്കളെയും സുരക്ഷാമുൻകരുതലിന്റെ ഭാഗമായി ഇന്നലെ വൈകിട്ടാണ് നിലയ്ക്കലിൽ വച്ച് എസ്പി യതീഷ് ചന്ദ്ര കസ്റ്റഡിയിലെടുത്തത്. ജാമ്യമില്ലാവകുപ്പും ചുമത്തിയിരുന്നു. പിന്നീട് ചിറ്റാർ പൊലീസ് സ്റ്റേഷനിലെത്തിച്ച സുരേന്ദ്രനെ പുലർച്ചെയോടെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനക്ക് വിധേയനാക്കി. പത്തനംതിട്ട മജിസ്ട്രേട്ടിന് മുമ്പാകെയാണ് ഹാജരാക്കി.
പൊലീസിന്റെ ആവശ്യങ്ങള്‍ പരിഗണിച്ച പത്തനംതിട്ട മജിസ്ട്രേട്ട് സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. സുരേന്ദ്രനെ കൊട്ടാരക്കര സബ് ജയിലിലേക്ക് കൊണ്ടുപോയി. എന്നാല്‍
സർക്കാരിന്റേത് പ്രതികാര നടപടിയാണെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു. അയ്യപ്പന് വേണ്ടി ഒരായുസ്സ്
മുഴുവൻ ജയിലിൽ കിടക്കാൻ തയ്യാറാണെന്നും കൊട്ടാരക്കര ജയിലിലേക്ക് തിരിക്കും മുൻപ് സുരേന്ദ്രൻ പ്രതികരിച്ചു.
