ബംഗളൂരു: ജനാധിപത്യം സംരക്ഷിക്കാനാണ് തത്കാലത്തേക്ക് സംസ്ഥാനം വിട്ടതെന്ന് ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍. ഗുജറാത്ത് വെളളപ്പൊക്കദുരന്തം നേരിടുമ്പോള്‍ തങ്ങള്‍ ബെംഗളൂരുവില്‍ സുഖവാസത്തിലാണെന്ന ബിജെപി ആരോപണം അടിസ്ഥാനരഹിതമാണെന്നും എംഎല്‍എമാര്‍ പറഞ്ഞു. എംഎല്‍എമാര്‍ മടങ്ങിപ്പോകണമെന്നാവശ്യപ്പെട്ട് ബിജെപി ബെംഗളൂരുവില്‍ പ്രതിഷേധിച്ചു.

മറുകണ്ടം ചാടുമെന്ന് പേടിച്ച് എംഎല്‍എമാരെ ബെംഗളൂരുവിലെ റിസോര്‍ട്ടുകളിലേക്ക് കടത്തിയതിന് കോണ്‍ഗ്രസിനെ പരിഹസിക്കുകയാണ് ബിജെപി.സംസ്ഥാനത്ത് വെളളപ്പൊക്കക്കെടുതികള്‍ തുടരുമ്പോള്‍ എംഎല്‍എമാര്‍ സുഖവാസത്തിന് പോയെന്നാണ് വിമര്‍ശനം. ഇതിന് പിന്നാലെയാണ് 42 എംഎല്‍എമാരെയും കോണ്‍ഗ്രസ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിച്ചത്.

ബെംഗളൂരുവില്‍ ഉളളവരില്‍ തന്നെ വിമതശബ്ദമുണ്ടെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇതിന് മറുപടി നല്‍കാന്‍ കൂടിയായിരുന്നു വാര്‍ത്താ സമ്മേളനം.എല്ലാവരും ഒറ്റക്കെട്ടാണെന്നും കുടുംബം പോലെയാണ് കഴിയുന്നതെന്നും നേതാക്കള്‍ പറഞ്ഞു. മൊബൈല്‍ ഫോണിലൂടെ മണ്ഡലത്തിലെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നുണ്ട്.ഭീഷണിയില്ലെന്ന് എംഎല്‍എമാര്‍ പറഞ്ഞാല്‍ ബെംഗളൂരുവില്‍ ഒരു നിമിഷം പോലും തുടരേണ്ടതില്ല.

മൂന്ന് റിസോര്‍ട്ടുകളിലായി ദിവസം അഞ്ച് ലക്ഷം രൂപ വാടകയിലാണ് എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്നത്. കൂടുതല്‍ പേര്‍ ബിജെപിയിലേക്ക് പോകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ എംഎല്‍എമാരെ കുടകിലെ റിസോര്‍ട്ടിലേക്ക് മാറ്റിയേക്കുമെന്നും സൂചനയുണ്ട്. രാജ്യസഭാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന കോണ്‍ഗ്രസിന്റെ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു.നാളെ വൈകിട്ടോടെ വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണ് ഗുജറാത്ത് ചീഫ് സെക്രട്ടറിക്കുളള നിര്‍ദേശം.