Asianet News MalayalamAsianet News Malayalam

ത്രിപുരയിൽ സംഭവിച്ചത് കേരളത്തിലുമുണ്ടാകും; പൂജ്യത്തിൽ നിന്ന് സർക്കാരുണ്ടാക്കും: നരേന്ദ്രമോദി

നിങ്ങൾ എത്ര ആക്രമിച്ചാലും ബിജെപി തിരികെ വരും. ത്രിപുരയിലെന്ത് സംഭവിച്ചെന്ന് അറിയാമല്ലോ? പൂജ്യത്തിൽ നിന്ന് സർ‍ക്കാരുണ്ടാക്കും.

bjp will form government in kerala like how we made government in tripura says pm modi
Author
Kollam, First Published Jan 15, 2019, 7:26 PM IST

കൊല്ലം: കേരളത്തിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന അവകാശവാദമുന്നയിച്ച് എൻഡിഎ മഹാസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപിയെ എഴുതിത്തള്ളരുത്. നിങ്ങൾ എത്ര ആക്രമിച്ചാലും ബിജെപി തിരികെ വരും. ത്രിപുരയിലെന്ത് സംഭവിച്ചെന്ന് അറിയാമല്ലോ? പൂജ്യത്തിൽ നിന്നാണ് ത്രിപുരയിൽ ബിജെപി സർക്കാർ രൂപീകരണത്തിലേക്കെത്തിയത്. ത്രിപുരയിലെന്ത് സംഭവിച്ചോ, അത് കേരളത്തിൽ സംഭവിക്കും. 

യുഡിഎഫും എൽഡിഎഫും ഒരേ നാണയത്തിന്‍റെ രണ്ട് വശങ്ങളാണ്. അഴിമതിയും വർഗീതയും രാഷ്ട്രീയ അക്രമങ്ങളും വ്യാപകമായി നടത്താൻ അവരൊന്നുപോലെയാണ്. രണ്ട് പേരുകളിലാണ് പ്രവർത്തിക്കുന്നതെങ്കിലും കേരളത്തിന്‍റെ സാംസ്കാരികാടിത്തറ തകർക്കാൻ അവർക്കൊരേ നിലപാടാണ്. 

കേരളത്തിന്‍റെ യുവാക്കളെയും പാവങ്ങളെയും ഇരുമുന്നണികളും ഒരേപൊലെ അവഗണിക്കുന്നു. കർഷകർക്ക് മിനിമം താങ്ങുവില ഉറപ്പാക്കിയത് എൻഡിഎ സർക്കാരാണ്. 2022 ആകുമ്പോഴേക്കും കർഷകരുടെ വരുമാനം കൂടും. അതിനുള്ള നടപടികളാണ് സർക്കാർ നടത്തുന്നത്. കർഷകക്ഷേമത്തിന് വേണ്ടി, വായ്പാലഭ്യത കൂട്ടി, ജലസേചനപദ്ധതികൾ കൂട്ടി. 

കൊല്ലത്തെ കശുവണ്ടി വ്യവസായത്തെ എൽഡിഎഫും യുഡിഎഫും അവഗണിക്കുകയായിരുന്നു. കേരളത്തിൽ ബിജെപി സർക്കാർ രൂപീകരിച്ചാൽ കശുവണ്ടി വ്യവസായത്തിന് വലിയ സഹായങ്ങൾ നൽകും. 

കേരളത്തിലെ നഴ്സുമാർ ഐസിസ് പിടിയിലായപ്പോൾ, ഫാ. ടോം ഐസിസ് തടവിലായപ്പോൾ ഒക്കെ തിരിച്ചെത്തിക്കാൻ നടപടിയെടുത്തത് കേന്ദ്രസർക്കാരാണ്. ജാതിമതഭാഷലിംഗഭേദമില്ലാതെ ജനങ്ങളെ ഒന്നിപ്പിക്കാൻ ബിജെപി സർക്കാരിനേ കഴിയൂ. - മോദി അവകാശപ്പെട്ടു.

വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മോദി

കഴിഞ്ഞ നാലുവര്‍ഷത്തെ വികസന നേട്ടങ്ങളെക്കുറിച്ച് എണ്ണിപ്പറഞ്ഞാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗം തുടങ്ങിയത്. ഏറ്റവും ദുര്‍ബലമായ സമ്പദ്ഘടനയില്‍ നിന്ന് ഏറ്റവും വേഗതയില്‍ പുരോഗതിയിലേക്ക് കുതിക്കുന്ന സമ്പദ്ഘടനയായി രാജ്യം മാറുമെന്ന് നാലുവര്‍ഷം മുന്‍പ് ആരെങ്കിലും ചിന്തിച്ചിരുന്നോയെന്ന് പ്രധാനമന്ത്രി ചോദിച്ചു. 

നാല് വര്‍ഷങ്ങള്‍ക്കിടയില്‍ ചൈനയേക്കാൾ കൂടുതൽ വിദേശനിക്ഷേപം ഇന്ത്യയിലെത്തി. മൊബൈല്‍ നിര്‍മ്മാണത്തിന്‍റെ ഏറ്റവും വലിയ കേന്ദ്രമായി ഇന്ത്യ മാറി. പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്ന കാര്യത്തില്‍ ആഗോള നേതൃത്വത്തിലേക്ക് രാജ്യമെത്തി. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പരിരക്ഷാ സംവിധാനം ആയുഷ്മാന്‍ ഭാരതിന് സര്‍ക്കാര്‍ രൂപം നല്‍കി. 50 കോടി ആളുകള്‍ക്കാണ് ഇതിലൂടെ സുരക്ഷ ഒരുക്കുന്നത്. - മോദി പറഞ്ഞു.

Follow Us:
Download App:
  • android
  • ios